Deshabhimani

നവ അധ്യാപകർക്ക് പ്രവേശനോത്സവവുമായി മലയാളം മിഷൻ ദുബായ് ചാപ്റ്റർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2023, 01:09 PM | 0 min read

ദുബായ് > കുട്ടികളുടെ പ്രവേശനോത്സവ മാതൃകയിൽ പുതിയ അധ്യാപകർക്കും പ്രവേശനോത്സവം ഒരുക്കി മലയാളം മിഷൻ ദുബായ് ചാപ്റ്റർ. അധ്യാപക പരിശീലന പരിപാടിയുടെ രണ്ടാം ദിനമാണ് അധ്യാപകർക്ക് പ്രവേശനോത്സവം നടത്തിയത്. ദുബായ് ചാപ്‌റ്ററിലെ പഠനകേന്ദ്രങ്ങളിലെ അധ്യാപകരായി പുതിയതായി കടന്നു വന്നവരെ വിവിധ പഠന പ്രവർത്തനങ്ങളിലൂടെ സ്വാഗതം ചെയ്‌തുകൊണ്ട് പാഠ്യ പദ്ധതി പരിചയപ്പെടുത്തി. 

മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്‌തു. കുട്ടികളിൽ നിന്നുതന്നെ സൂചകങ്ങൾ പകർന്നെടുത്ത് പഠന പ്രവർത്തനത്തിലേക്ക് പ്രവേശിക്കാനുള്ള ജാഗ്രത അധ്യാപകർക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ ചെയർമാൻ ദിലീപ് സി എൻ എൻ അധ്യക്ഷൻ ആയി. സെക്രട്ടറി പ്രദീപ് തോപ്പിൽ, റെവാഖ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി അജ്‌മ‌ൽ, ചാപ്റ്റർ പ്രസിഡന്റ്‌ സോണിയ, കൺവീനർ ഫിറോസിയ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്‌സായ കണിക്കൊന്ന പാഠപുസ്തകം അരുണിമയ്‌ക്കും അധ്യാപകരുടെ പരിശീലന പഠനപ്രവർത്തനങ്ങൾ മാഗസിൻ രൂപത്തിലാക്കി സുറൂർ എന്ന പേരിൽ പുതിയ അധ്യാപിക നൈമയ്‌ക്കും കൈമാറി. നാലു കോഴ്സുകളിലേക്കുമായി തയ്യാറാക്കിയ പാഠാസൂത്രണരേഖ ദുബായ് ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറിക്കൊണ്ടാണ് പരിശീലന പരിപാടിയ്‌ക്ക് സമാപനം കുറിച്ചത്. ആദ്യ പരിശീലനദിനമായ ശനിയാഴ്‌ച സീനിയർ അധ്യാപകർക്കുള്ള സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി പരിശീലനങ്ങളാണ് നടന്നത്. മലയാളം മിഷൻ ഭാഷാധ്യാപകനായ സതീഷ് കുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

0 comments
Sort by

Home