യുവകലാസാഹിതി കലോത്സവം സമാപിച്ചു

ദുബായ് : യുവകലാസാഹിതി യുഎഇയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ വിനീത് കുമാർ, ഡോ. ആർ എൽ വി രാമകൃഷ്‌ണൻ, ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പൽ ഡോ. എസ് രേഷ്‌മ എന്നിവർ അതിഥികളായി.
അഞ്ച് കാറ്റഗറിയിലായി 1200 മത്സരാർഥികൾ വ്യക്തിഗത ഇനങ്ങളിൽ മാറ്റുരച്ചു. ഗ്രൂപ്പ് മത്സരങ്ങൾ യുഎഇയിലെ നൃത്തസ്ഥാപനങ്ങളുടെ പങ്കാളിത്തത്താൽ സമ്പന്നമായി. റാസൽ ഖൈമ റീജണലിനായി ബിജു കൊട്ടില സംവിധാനം ചെയ്ത "എലിപ്പെട്ടി’ മികച്ച നാടകത്തിനുള്ള തോപ്പിൽ ഭാസി പുരസ്‌കാരം നേടി. അബുദാബി, ദുബായ് റീജണലുകൾ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച നടിക്കുള്ള കെപിഎസി ലളിത പുരസ്‌കാരം ആവണി വികാസും നടനുള്ള തിലകൻ പുരസ്‌കാരം ഓസ്റ്റിനും സ്വന്തമാക്കി.
കഴിഞ്ഞതവണ ചാമ്പ്യന്മാരായ ഷാർജ മേഖല ഇത്തവണയും വയലാർ രാമവർമ ട്രോഫി നിലനിർത്തി. ദുബായ് മേഖല രണ്ടാം സ്ഥാനത്തും അബുദാബി മൂന്നാം സ്ഥാനത്തുമെത്തി. കലാതിലകമായി മാളവിക മനോജും കലാപ്രതിഭയായി ശ്രീഹരി അഭിലാഷും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കാറ്റഗറികളിൽ കൂടുതൽ പോയിന്റ് നേടിയ ലയന നായർ, വേദിക മാധവ്, വേദിക നായർ, ആർദ്ര ജീവൻ എന്നിവരും പ്രത്യേക പുരസ്‌കാരത്തിന് അർഹരായി.
സംഘാടക സമിതി ഭാരവാഹികളായ അജി കണ്ണൂർ, സുബീർ ആരോൾ, യുവകലാസാഹിതി ഭാരവാഹികളായ വിൽസൺ തോമസ്, പ്രദീഷ് ചിതറ, സുഭാഷ് ദാസ്, ബിജു ശങ്കർ, സുനിൽ ബാഹുലേയൻ, പ്രശാന്ത് ആലപ്പുഴ, ജിബി ബേബി, നൗഷാദ് അറക്കൽ, നിംഷ ഷാജി, സർഗ റോയ്, നമിത സുബീർ, അനീഷ് നിലമേൽ, മനു കൈനകരി, നൗഷാദ് പുലാമന്തോൾ, അഭിലാഷ് ശ്രീകണ്ഠപുരം, റോയ് നെല്ലിക്കോട്, രഘുരാജ് പള്ളിക്കാപ്പിൽ, എ ജി രാജേഷ്, ഷിജോയ് ചന്ദ്രൻ, റോണി തോമസ്, എസ് എ വിൽസൺ തുടങ്ങിയവർ നേതൃത്വം നൽകി.







0 comments