വാഴ്സ അന്താരാഷ്ട്ര പുസ്തക മേള; ഷാർജ വിശിഷ്ടാതിഥി

ഷാർജ: 2026 ലെ വാഴ്സ അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജ വിശിഷ്ടാതിഥി. മെയ് 26 മുതൽ 31 വരെ നടക്കുന്ന പുസ്തകമേളയിൽ പോളണ്ടിന്റെ തലസ്ഥാനം എമിറാത്തി അറബ് സംസ്കാരം ആഘോഷിക്കും. അറിവ്, സംവാദം, സാംസ്കാരിക വിനിമയം എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിൽ എമിറേറ്റ് വഹിക്കുന്ന പങ്കിനെയും അന്താരാഷ്ട്ര വേദികളിൽ അറബ് നാഗരികതയെ പ്രോത്സാഹിപ്പിക്കുന്നതിന് എമിറേറ്റ് വഹിക്കുന്ന തുടർച്ചയായ പങ്കാളിത്തത്തേയും കണക്കിലെടുത്താണ് ഷാർജയെ വിശിഷ്ടാതിഥിയായി തെരഞ്ഞെടുത്തത്.
ഷാർജ ബുക്ക് അതോറിറ്റിയും വാഴ്സ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ സംഘാടകരായ ഹിസ്റ്ററി ആൻഡ് കൾച്ചർ ഫൗണ്ടേഷനും തമ്മിലുള്ള കരാർ 44ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ വച്ചാണ് ഒപ്പിട്ടത്. ഷാർജ ബുക്ക് അതോറിറ്റി സി ഇ ഒ അഹമ്മദ് ബിൻ റഖാദ് അൽ അമേരി, ഷാർജ ബുക്ക് അതോറിറ്റി ഇവൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ഖൗല അൽ മുജൈനി, വാർസോ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഡയറക്ടർ ജാസെക്ക് ഒറിൽ എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. 1959 ൽ ആരംഭിച്ച വാഴ്സ ഇന്റർനാഷണൽ ബുക്ക് ഫെയർ പോളണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിൽ ഒന്നാണ്.









0 comments