യുഎഇയിൽ ബ്ലൂ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കാൻ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ്

ദുബായ് : യുഎഇയിൽ ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കുന്നതിനായി 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് അനുവദിക്കുന്നു. യുഎഇക്ക് പുറത്തുള്ള ആളുകൾക്ക് ഈ പെർമിറ്റിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പത്ത് വർഷത്തെ കാലാവധിയുള്ളതാണ് ബ്ലൂ റെസിഡൻസി വിസ. പരിസ്ഥിതി പ്രവർത്തകരായ വിദേശികൾക്ക് യുഎഇയിൽ ദീർഘകാലം താമസിക്കാൻ അവസരം നൽകുന്ന പ്രത്യേക വിസയാണിത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവരാണ് 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ വീസ നൽകുന്നത്. പരിസ്ഥിതി മേഖലയിൽ ശ്രദ്ധേയമായ സ്വാധീനമുള്ള വ്യക്തികൾ, യുഎഇ സയന്റിസ്റ്റ് കൗൺസിൽ അംഗീകരിച്ച ശാസ്ത്രജ്ഞരും ഗവേഷകരും, പരിസ്ഥിതി സംരക്ഷണ മേഖലകളിൽ പ്രവർത്തിക്കുന്ന നിക്ഷേപകരും സംരംഭകരും, ഗവൺമെന്റ്, സ്വകാര്യ പരിസ്ഥിതി സ്ഥാപനങ്ങളിലെ പ്രധാന വിദഗ്ധർക്കും പ്രവർത്തകർക്കും ബ്ലൂ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്.
0 comments