യുഎഇ ആണവ അതോറിറ്റിക്ക് പുതിയ ഡയറക്ടർ ജനറൽ

ഹമദ് അലി മുഹമ്മദ് അൽ കഅബി
ദുബായ് : യുഎഇ ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റിയുടെ പുതിയ ഡയറക്ടർ ജനറലായി ഹമദ് അലി മുഹമ്മദ് അൽ കഅബിയെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 2015 മുതൽ അതോറിറ്റിയുടെ ഡയറക്ടർ ജനറലായിരുന്ന ക്രിസ്റ്റർ വിക്ടോർസന്റെ പിൻഗാമിയായാണ് അൽ കഅബി ചുമതലയേൽക്കുന്നത്.
ആണവോർജം, ആണവസുരക്ഷ, ആണവായുധ വ്യാപനനിരോധനം തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര സംഘടനകളും വിവിധ രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളിൽ യുഎഇ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. ആണവ എൻജിനിയറിങ്ങിൽ അമേരിക്കയിലെ ഇൻഡിയാന പർഡ്യൂ സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അൽ കഅബി, ആണവസുരക്ഷയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്നു. 2016 മുതൽ ഐക്യരാഷ്ട്ര സംഘടനയിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും യുഎഇയുടെ സ്ഥിരം പ്രതിനിധിയായി പ്രവർത്തിച്ചുവരുന്നു. 2022 മുതൽ ഓസ്ട്രിയയിലെ യുഎഇ അംബാസഡറാണ്.










0 comments