ad
Deshabhimani

യാത്രാസമയം 3 മിനുട്ടാകും; ദുബായ് ഹാർബർ പാലം ഭാഗികമായി തുറക്കും

dubai harbour bridge
വെബ് ഡെസ്ക്

Published on Jun 09, 2026, 04:44 PM | 1 min read

ദുബായ് : ദുബായ് ഹാർബറിലേക്ക്‌ നേരിട്ടുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രയും സാധ്യമാക്കുന്ന ദുബായ് ഹാർബർ പാലം പദ്ധതിയുടെ 90 ശതമാനം നിർമാണം പൂർത്തിയാക്കിയതായി ദുബായ്‌ ആർടിഎ. ജൂണിൽ പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ​1500 മീറ്റർ നീളമുള്ള പാലത്തിന് ഇരുഭാഗത്തേക്കുമായി രണ്ടുവീതം പാതകളാണുള്ളത്. ആദ്യഘട്ടത്തിൽ ദെയ്‌റ, ജബൽ അലി ഭാഗങ്ങളിൽനിന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ ദുബായ് ഹാർബറിലേക്കുള്ള ഗതാഗതത്തിനായിരിക്കും പാലം തുറക്കുക.


ജൂലൈയിൽ ദുബായ് ഹാർബറിൽനിന്ന് അൽ നസീം തെരുവിലേക്കുള്ള ഭാഗവും കിങ് സൽമാൻ ബിൻ അബ്‌ദുൾ അസീസ് അൽ സൗദ് തെരുവിന്റെയും അൽ നസീം തെരുവിന്റെയും ജങ്ഷനിലേക്കുള്ള ഭാഗവും തുറക്കും. പാലം പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ ഇരുഭാഗത്തുമായി മണിക്കൂറിൽ 6000 വാഹനത്തിനുവരെ കടന്നുപോകാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ 12 മിനിറ്റുവരെ വേണ്ടിവരുന്ന യാത്രാസമയം വെറും മൂന്നുമിനിറ്റായി കുറയും. സമീപ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കും ഗണ്യമായി കുറയും.


​പദ്ധതിയുടെ നിർമാണത്തിൽ 12 സംഘങ്ങളിലായി 1400 എൻജിനിയർമാരും തൊഴിലാളികളും പങ്കാളികളാണ്. പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 42 ലക്ഷം തൊഴിൽ മണിക്കൂറുകൾ രേഖപ്പെടുത്തി. ​ഷമാൽ ഹോൾഡിങ്ങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെയും റോഡ് അടിസ്ഥാനസൗകര്യ വികസനവും നഗര വികസനവും തമ്മിലുള്ള ഏകോപനത്തിന്റെയും മികച്ച മാതൃകയാണ് പദ്ധതിയെന്നും ആർടിഎ ഡയറക്ടർ ജനറർ മാത്തർ അൽ തായർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home