ഏഴാം തീയതിക്ക് മുൻപ് ശമ്പളം നൽകണം: കുവൈത്തിൽ തൊഴിൽ നിയമങ്ങൾ കർശനമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

TRADE
വെബ് ഡെസ്ക്

Published on Mar 11, 2025, 06:26 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ മേഖലയിൽ നിർണായക മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങൾ നടപ്പിലാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.ആം) അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം ഏഴാം തീയതിക്ക് മുൻപ് നൽകേണ്ടതാണെന്നും ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന കെട്ടിടങ്ങളിൽ സജ്ജമായ പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ പ്രാധാന്യം കൂടിയെന്നും അതോറിറ്റി വ്യക്തമാക്കി. 200-ൽ അധികം തൊഴിലാളികൾ താമസിക്കുന്നിടത്ത് പരിശീലനം നേടിയ നഴ്‌സിന്റെ മേൽനോട്ടത്തിൽ പ്രഥമശുശ്രൂഷാ സൗകര്യം ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചു.


തൊഴിലാളികളുടെ പാർപ്പിട സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. കെട്ടിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ അവരുടെ എണ്ണത്തിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും യഥാസമയം നടത്തേണ്ടതുണ്ട്.സർക്കാർ കരാർ കമ്പനികൾ പബ്ലിക് അതോറിറ്റിയുടെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്


കഴിഞ്ഞ ജനുവരിയിലുണ്ടായ പാർപ്പിട നിയമഭേദഗതിയനുസരിച്ച്, ഒരു മുറിയിൽ പരമാവധി നാല് തൊഴിലാളികളെ മാത്രമേ താമസിപ്പിക്കാൻ കഴിയൂ. കൂടാതെ, തൊഴിലുടമകൾ താമസ സൗകര്യം നൽകാത്ത പക്ഷം കുറഞ്ഞ ശമ്പളക്കാർക്ക് ശമ്പളത്തിന്റെ 25%വും കൂടുതലായ ശമ്പളം ലഭിക്കുന്നവർക്ക് 15%വും പാർപ്പിട അലവൻസായി നൽകണമെന്നും നിർദ്ദേശിച്ചു.സർക്കാർ കരാർ കമ്പനികൾ ഉൾപ്പെടെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പാം വ്യക്തമാക്കി.


ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.തൊഴിൽ നിയമങ്ങൾ കമ്പനികൾ കർശ നമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെ യുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.





deshabhimani section

Related News

0 comments
Sort by

Home