ദുബായ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണം; അധ്യാപക, രക്ഷകർതൃ സമിതികൾ ഉടൻ

ദുബായ് : സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണത്തിലും വികസന പ്രവർത്തനങ്ങളിലും മാതാപിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ദുബായ്. ഇതിനായി പുതിയ സമിതികൾ രൂപീകരിക്കുന്നതായി ദുബായ് വിദ്യാഭ്യാസ, മാനവവിഭവ വികസന അതോറിറ്റി അറിയിച്ചു. ഇൗ അധ്യയനവർഷംമുതൽ രക്ഷിതാക്കളുടെ സമിതിയും അധ്യാപക സമിതിയും പ്രവർത്തനം ആരംഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ അധ്യയനവർഷം ആരംഭിച്ച 16 അംഗ വിദ്യാർഥി സമിതിയുടെ വിജയത്തെ തുടർന്നാണ് പുതിയ നടപടി. ഇരുസമിതികളിലും 15 അംഗങ്ങൾ വീതമുണ്ടായിരിക്കും. സുതാര്യമായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കും. രണ്ടാംതവണയും അംഗത്വത്തിന് അപേക്ഷിക്കാം, പ്രതിഫലമുണ്ടായിരിക്കില്ല.
വിദ്യാർഥികളുടെ പഠനം, കുടുംബക്ഷേമം, വിദ്യാഭ്യാസത്തിന്റെ ഭാവി എന്നിവയുമായ-ി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതിൽ സമിതികൾ അതോറിറ്റിയുമായി സഹകരിച്ചുപ്രവർത്തിക്കും. രക്ഷകർത്താക്കളുടെ സമിതിയിലേക്ക് 152 അപേക്ഷകളും അധ്യാപക സമിതിയിലേക്ക് 160 അപേക്ഷകളും ഇതിനകം ലഭിച്ചു. വിദ്യാർഥികളെയും മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാക്കുകയാണ് സമിതികളുടെ ലക്ഷ്യമെന്ന് അതോറിറ്റി വളർച്ച -മാനവവികസന വിഭാഗം സിഇഒ ഡോ. അമ്ന അൽ മാസ്മി പറഞ്ഞു.
ദുബായ് വിദ്യാർഥി സമിതി കഴിഞ്ഞ അധ്യയനവർഷം 16 യോഗങ്ങൾ സംഘടിപ്പിച്ചു. ഒപ്പം വിദ്യാർഥികളുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ വേദി ആരംഭിക്കുകയും ആശയവിനിമയം ശക്തമാക്കാൻ പ്രത്യേക വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ-്‌തു. വിദ്യാർഥികൾക്ക് നവീനമായ പഠനാന്തരീക്ഷം ഒരുക്കാൻ സമിതിയുടെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.









0 comments