അവയവ ദാന മേഖലയിലെ രാജകീയ ഉത്തരവ്: ആരോഗ്യ നിയമ നിർമാണത്തിലെ നാഴികക്കല്ല്

പ്രതീകാത്മകചിത്രം
മസ്‌കത്ത് : അവയവം മാറ്റിവയ്ക്കൽ, ദാന നിയന്ത്രണം എന്നിവയിൽ വ്യക്തമായ നിയമം പുറപ്പെടുവിച്ചുള്ള രാജകീയ ഉത്തരവ് ഒമാൻ ആരോഗ്യ നിയമ നിർമാണ മേഖലയിലെ നാഴികക്കല്ലാണെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നിയമനിർമാണ ചട്ടക്കൂട് ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. അവസാന ഘട്ട അവയവ പരാജയം അനുഭവിക്കുന്നവർക്ക് ചികിത്സാ പരിഹാരമായി അവയവം മാറ്റിവയ്ക്കൽ നടപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ ഉത്തരവെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, അവയവ മാറ്റമെന്ന വർധിച്ചുവരുന്ന ആവശ്യകതയെ നിയമം പിന്തുണക്കുകയും ചെയ്യും.
മാറ്റിവയ്ക്കൽ പദ്ധതിയെ നിയമം പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. അവയവ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കും. നിയമപരമായ ഉത്തരവാദിത്വങ്ങളും മെഡിക്കൽ സ്ഥാപനങ്ങളുടെ പങ്കും നിർവചിക്കും. ജീവിതകാലത്തോ, മരണശേഷമോ അവയവ ദാനത്തിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിബദ്ധതയ്ക്ക് മന്ത്രി നന്ദി അറിയിച്ചു.
0 comments