Deshabhimani

ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ

oman kite festival
വെബ് ഡെസ്ക്

Published on May 10, 2025, 03:10 PM | 1 min read

മസ്‌കത്ത് : സാഹസിക കായിക വിനോദ സഞ്ചാരികളെ രാജ്യത്തേക്ക്‌ ആകർഷിക്കുന്ന ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ തുടങ്ങും. ഒമാൻ സെയിലുമായി സഹകരിച്ച് ഒമ്രാൻ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പതിപ്പ്‌ ജൂലൈ 24 വരെയാണ്‌. പ്രധാന തീരദേശ മേഖലകളെ ഉൾക്കൊള്ളുന്ന ബാർ അൽ ഹിക്മാനിൽ ആരംഭിച്ച് റാസ് അൽ ഹാദിൽ പരിപാടി അവസാനിക്കും.


ബാർ അൽ ഹിക്മാനിൽനിന്ന് മസിറ ദ്വീപിലേക്കും പിന്നീട് റാസ് അൽ റുവൈസിലേക്കും തുടർന്ന് പിങ്ക് ലഗൂണുകളിൽനിന്ന് അൽ അഷ്ഖറയിലേക്കും തുടർന്ന് റാസ് അൽ ജിൻസിൽനിന്ന് റാസ് അൽ ഹദ്ദിലേക്കുമാണ്‌ ഡൗൺവൈൻഡർ റേസ് ഫെസ്റ്റിവൽ. ബാർ അൽ ഹിക്മാനിൽ നടക്കുന്ന കൈറ്റ് കോഴ്‌സ് റേസ്, മസിറ ദ്വീപിൽ നടക്കുന്ന കോസ്റ്റൽ റേസ്, റാസ് അൽ ഹാദിൽ നടക്കുന്ന സ്ലാലോം റേസ് എന്നിവയാണ് മറ്റ് മത്സരങ്ങൾ. കുടുംബാധിഷ്ഠിത പ്രവർത്തനങ്ങളും അഷ്ഖറ മുനിസിപ്പൽ പാർക്കിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രദർശനവും പരിപാടിയിൽ ഉണ്ടാകും.


വിനോദ സഞ്ചാര പരിപാടികൾ വൈവിധ്യവൽക്കരിക്കാനും ഒമാന്റെ പ്രകൃതിദത്ത വിനോദ സഞ്ചാരം വിപുലീകരിക്കാനും ഇത്തരം സംരംഭം പിന്തുണയ്ക്കുമെന്ന് ഒമ്രാനിലെ അസറ്റ് മാനേജർ സുൽത്താൻ സുലൈമാൻ അൽ ഖുദൂരി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഡൗൺവൈൻഡർ റേസുകളിൽ നിന്നുള്ള പിന്തുണ പരിപാടിയുടെ വളർച്ചയ്ക്ക് സഹായകമാണ്‌. വിപുലീകരിച്ച പതിപ്പ്‌ കൂടുതൽ അന്താരാഷ്ട്ര അത്‌ലറ്റുകളെ ആകർഷിക്കും. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ വിനോദ സഞ്ചാരം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


രാജ്യത്തെ സമുദ്ര കായിക വികസനത്തിലെ നാഴികക്കല്ലാണ്‌ ഫെസ്റ്റിവലെന്ന്‌ ഒമാൻ സെയിലിലെ ഇവന്റ്‌സ് സ്‌പെഷ്യലിസ്റ്റ് ഷൈമ സെയ്ദ് അൽ അസ്‌മി പറഞ്ഞു. പാരിസ്ഥിതിക വൈവിധ്യവും അനുകൂലമായ കാറ്റും കാലാവസ്ഥയും ഉൾപ്പെടെ കൈറ്റ് സർഫിങ്ങിന് ഒമാന്റെ തീരപ്രദേശം അനുയോജ്യമായ സാഹചര്യം പ്രദാനം ചെയ്യുന്നു. ജലത്തെ അടിസ്ഥാനമാക്കിയുള്ള സാഹസിക വിനോദ സഞ്ചാരത്തിന് മികച്ച ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതായും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home