നെഞ്ചുലയ്ക്കുന്നു കണ്ണീർത്തീ: മംഗഫ് തീപിടിത്തത്തിന് ഒരു വർഷം

കുവൈത്ത് സിറ്റി : കുവൈത്ത് മംഗഫിലെ കെട്ടിടത്തിൽ നിന്നുയർന്ന തീ ലോക മലയാളിയുടെ ഉള്ളുപൊള്ളിച്ചിട്ട് ഒരു വർഷം. കൈനിറയെ സമ്മാനങ്ങളുമായി എത്തുമെന്ന് കാത്തിരുന്നവരുടെ ഹൃദയങ്ങളിലേക്ക് തീരാവേദന പടർത്തി പ്രവാസം അവസാനിപ്പിച്ച് അവർ എന്നേക്കുമായി മടങ്ങി. 24 മലയാളികൾ അടക്കം 49 ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ കുവൈത്ത് നടുങ്ങി. ഗുരുതര പരിക്കേറ്റത് നിരവധി പേർക്ക്. അപകടത്തിൽനിന്ന് ജീവൻ രക്ഷപ്പെട്ട പലരും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. പലർക്കും ഉറക്കമില്ലായ്മയും മാനസിക സംഘർങ്ങളുമുണ്ട്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ആറുനില ഫ്ലാറ്റിൽ ജൂൺ 12ന് പുലർച്ചെ നാലോടെയാണ് തീപിടിച്ചത്. അപകട സമയം കെട്ടിടത്തിൽ ഇരുന്നൂറോളം പേർ. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിൽ. തീയും പുകയും കണ്ട് പരിഭ്രാന്തരായി രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് ചിലർക്ക് മരണം സംഭവിച്ചത്. ജനാല വഴിയും മറ്റും പുറത്തേക്ക് ചാടുകയായിരുന്നു പലരും. ഫയർഫോഴ്‌സെത്തി തീയണക്കുകയും കെട്ടിടത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുകയും ചെയ്‌തതിനാൽ കൂടുതൽ മരണം ഒഴിവായി. കെട്ടിടത്തിന് അകത്തുനിന്ന് 45 മൃതദേഹം കിട്ടി. നാലുപേർ ആശുപത്രിയിൽ മരിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ടെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. പ്രതികൾക്ക് അടുത്തിടെ ശിക്ഷയും വിധിച്ചു.
കുവൈത്ത് സുരക്ഷാ വിഭാഗവും ഇന്ത്യൻ എംബസിയും കല കുവൈത്ത് ഉൾപ്പെടെയുള്ള മലയാളി സംഘടനകളും നോർക്ക റൂട്ട്സുമൊക്കെ കൈകോർത്തു നടത്തിയ രക്ഷാപ്രവർത്തനം അവിസ്‌മരണീയമായി. മലയാളി നഴ്സുമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ഇടപെടലുകൾക്കുപുറകെ, മൃതദേഹങ്ങളുടെ തിരിച്ചറിയൽ, ഡിസ്‌പാച്ച് നടപടി എന്നിവയിൽ പ്രവാസി നേതാക്കളുടെ പങ്ക് പ്രധാനമായി. പ്രവാസി സംഘടനകൾ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച തൊഴിലാളികൾക്കും ആശ്വാസം പകർന്നു. മൃതദേഹം തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥയിൽ പല കുടുംബങ്ങൾക്കായി ഡിഎൻഎ പരിശോധന സജ്ജമാക്കിയത് പ്രവാസി പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും സംയുക്ത ഇടപെടലിലാണ്.
അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപവീതം ധനസഹായം നൽകി. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപവീതവും നൽകി. നോര്‍ക്കയുടെ നേതൃത്വത്തിൽ 24 മണിക്കൂറും ഹെൽപ് ഡെസ്‌കും ഗ്ലോബൽ കോൺടാക്റ്റ് സെന്ററും സജ്ജീകരിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ ആംബുലൻസ് സൗകര്യവും സർക്കാർ തലത്തിൽ ഒരുക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏകദേശം 12.5 ലക്ഷം രൂപ കുവൈത്ത് സർക്കാരും സഹായം നൽകി. പ്രമുഖ വ്യവസായികളായ എം എ യൂസഫലി അഞ്ചു ലക്ഷം രൂപവീതവും രവിപിള്ള രണ്ടു ലക്ഷം രൂപ വീതവും സഹായം നൽകി. നോർക്ക വഴിയാണ് ഈ സഹായം ലഭ്യമാക്കിയത്. ഇൻഷുറൻസ് ഉൾപ്പെടെയുള്ള തുകയും സഹായവും എൻബിടിസി കമ്പനിയും നൽകി.
ഉള്ളുപൊള്ളുന്നു... ഇപ്പോഴും
ജോലിക്കിടെ വന്ന ഫോൺകോൾ മഹാദുരന്തത്തിന്റെ അറിയിപ്പായിരുന്നു. ഓഫീസിൽനിന്ന് ഇറങ്ങി ദുരന്തസ്ഥലത്തേക്ക് കുതിച്ചു. ആയിരക്കണക്കിന് മലയാളികളുള്ള പ്രദേശമാണ് മംഗഫ്. നിർമാണമേഖലയിലും എണ്ണക്കമ്പനികളിലും ജോലിയെടുക്കുന്നവർ. കല കുവൈത്ത് പ്രവർത്തകർക്കൊപ്പം അവിടെയെത്തുമ്പോൾ തീയും പുകയും ആളിപ്പടരുകയാണ്. ഫയർഫോഴ്‌സ് തീയണയ്‌ക്കാനുള്ള ശ്രമം തുടങ്ങി. മൃതദേഹങ്ങളും പരിക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ ആശുപത്രികളിലേക്ക് പാഞ്ഞു.
താഴെ നിലയിൽ തീ ആളിപ്പടർന്നതിനാൽ മുകളിലുള്ളവർക്ക് ഇറങ്ങാനായില്ല. പുക ശ്വസിച്ചാണ് പലരും മരിച്ചത്. പുകയിൽനിന്ന് രക്ഷപ്പെടാൻ മുകൾ നിലകളിലുണ്ടായിരുന്നവർ പലരും ടെറസിനു മുകളിലേക്ക് കയറി. തിളച്ചുമറിയുന്ന സൂര്യന്റെ ചൂടിനൊപ്പം തീച്ചൂടും പുകയും പടർന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ പലരും താഴേക്ക് ചാടി. തീപടർന്നതോടെ ലിഫ്‌റ്റ് പ്രവർത്തനം നിലച്ചു. കോണിപ്പടി ഇറങ്ങി വരാൻ കഴിയാതിരിക്കുകയും ചെയ്‌തതോടെ മറ്റു മാർഗമില്ലായിരുന്നു. പലരും പുക ശ്വസിച്ച് ബോധരഹിതരായി. അടുത്തടുത്ത് ഫ്ലാറ്റുകളുണ്ടെങ്കിലും അവിടേക്ക് തീ പടർന്നില്ല എന്നത് ആശ്വാസമായി- ആർ നാഗനാഥൻ (ലോക കേരള സഭ അംഗം)
മറക്കാനാകാത്ത നിലവിളികൾ
ആ കാഴ്‌ചകൾ ഇപ്പോഴും മനസ്സിലുണ്ട്. ജീവനുവേണ്ടിയുള്ള നിലവിളി കാതിൽ വന്നു പതിക്കുന്നു. മകനെ തേടിയുള്ള അച്ഛന്റെ നെട്ടോട്ടം... തീഗോളവും കറുത്തുമൂടിയ പുകയും. ഒന്നും മറക്കാനാകുന്നില്ല. പുലർച്ചെ കൂട്ടുകാരുടെ ഫോൺവിളി കേട്ടാണ് ഉണർന്നത്. വിവരമറിഞ്ഞ് ഒരു നിമിഷം അമ്പരന്നു. തൊട്ടടുത്ത ഫ്ലാറ്റിൽ തീപിടിത്തം. പിന്നെ ഒന്നും ആലോചിച്ചില്ല, അങ്ങോട്ട് കുതിച്ചു. കല കുവൈത്ത് പ്രവർത്തകർ സംഭവ സ്ഥലത്തും ആശുപത്രിയിലും രക്ഷാപ്രവർത്തനവുമായി സജീവമായി. രക്ഷാപ്രവർത്തകർക്കുള്ള വെള്ളം എത്തിച്ചു. നോർക്കയുടെ ഹെൽപ് ഡെസ്‌കിലും പ്രവർത്തിച്ചു.
നാലുദിവസംമുമ്പ് മാത്രം കുവൈത്തിലെത്തിയ മകനെ തേടിയുള്ള അച്ഛൻ പ്രദീപന്റെ നിലവിളി ഇന്നും മറക്കാനാകുന്നില്ല. മകൻ ശ്രീഹരി തീപിടിത്തമുണ്ടായ കെട്ടിടത്തിലാണ് താമസം. വിവരമറിഞ്ഞ് കെട്ടിടത്തിന് അടുത്തെത്തിയ അദ്ദേഹം മകന്റെ ഫോണിലേക്ക് ഒട്ടേറെ തവണ വിളിച്ചു. എന്നാൽ, മറുപടി ലഭിച്ചില്ല. പിന്നീട് പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിൽ ഒക്കെ മകനെ തേടി പ്രദീപൻ. ഒടുവിൽ അദ്ദേഹത്തിന് മകൻ മരിച്ചുവെന്ന സത്യം അംഗീകരിക്കേണ്ടി വന്നു- അനൂപ് മങ്ങാട്ട് (കല മുൻ പ്രസിഡന്റ്)
0 comments