മാസ് ഓണാഘോഷം
ആഘോഷങ്ങൾ ബന്ധം ഊട്ടിയുറപ്പിക്കാൻ പാകത്തിലാകണം: എം സ്വരാജ്

മാസിന്റെ ഓണാഘോഷം ഉദ്‌ഘാടനം ചെയ്ത് എം സ്വരാജ് സംസാരിക്കുന്നു
ഷാർജ : മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും യോജിപ്പും ഊട്ടിയുറപ്പിക്കാൻ പാകത്തിലുള്ളതാകണം ആഘോഷങ്ങളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ മറ്റു രാജ്യങ്ങളിലുള്ള പ്രവാസികളേക്കാൾ നാടുമായി ഇടപഴകി ജീവിക്കുന്നവരാണ്. കേരളത്തിലെ ആഘോഷങ്ങൾ നാട്ടിലേതിനു സമാനമായി ആഘോഷിക്കുന്നവരാണ് ഗൾഫ് മലയാളികളെന്നും സ്വരാജ് പറഞ്ഞു. യുഎഇയിലെ സാംസ്‌കാരിക സംഘടന മാസിന്റെ ഓണാഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്ത ഹോം ലൈബ്രറി മൂന്നാം പതിപ്പിന്റെ ഗള്‍ഫ് എഡിഷൻ ചടങ്ങിൽ എം സ്വരാജ് ഉദ്ഘാടനം ചെയ്‌തു.
സാഹിത്യം, രാഷ്ട്രീയം, സാമൂഹ്യ സേവന മേഖല എന്നിവയിൽ പുതുതലമുറ കൂടുതൽ സജീവമായി വരുമ്പോൾ അതിന് പുതിയ ദിശാബോധം ലഭിക്കും. അതേസമയം, സാമൂഹ്യസേവന മേഖലകളിൽ എത്തിപ്പെടുന്ന ചിലർ ലക്ഷണമൊത്ത കച്ചവടക്കാരായി മാറുന്ന കാഴ്ചയും നമുക്കു മുന്പിലുണ്ട്. സേവനം എല്ലാ അർഥത്തിലും കച്ചവടമാക്കി മാറ്റുന്ന ആളുകളുടെ കാലത്തു കൂടിയാണ് നാം ജീവിക്കുന്നത്. എല്ലാ മനുഷ്യരും സമന്മാരായി ജീവിക്കുന്ന, സമത്വ സുന്ദര ലോകത്തെക്കുറിച്ചാണ് ഓണം ഓർമപ്പെടുത്തുന്നത്. ഇതൊരു സോഷ്യലിസ്റ്റ് സങ്കൽപമാണ്. പങ്കുവയ്ക്കലിന്റെ രാഷ്ട്രീയമാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്. ദാരിദ്ര്യം പങ്കുവയ്ക്കലാണ് സോഷ്യലിസമെന്ന് ദോഷൈകദൃക്കുകൾ പറയുമ്പോൾ അത് സമൃദ്ധിയുടെ പങ്കുവയ്ക്കലാണ് എന്നതിനെ നിരാകരിക്കുകയാണ്. ചവിട്ടി താഴ്‌ത്തിയവരെല്ലാം തിരിച്ചുവരും എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഓണം പങ്കുവയ്ക്കുന്നത്.
നമ്മെ വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ വാർത്തകൾ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും വരുന്നുണ്ടെന്ന കാര്യവും ആഘോഷവേളകളിൽ ഓർത്തെടുക്കണം. വിശന്നു മരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ കാതങ്ങൾ അകലെനിന്ന് കേൾക്കുന്നു. ആ നിലവിളികളെ അറിയാൻ കഴിയാതിരുന്നാൽ, കാഴ്ചകളെ നോക്കി കാണാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യനെന്ന നിലയിൽ നാം പരാജയപ്പെട്ടു പോകും. കൂടുതൽ കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ നിർമിക്കുന്നതിൽ മത്സരത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ് രാജ്യങ്ങൾ. അതിനിടയിൽ മനുഷ്യരുടെ വിലാപങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ആയുധ വ്യവസായത്തെ കേന്ദ്രീകരിച്ച് മാത്രം മുന്നോട്ടുപോകുന്ന രാജ്യമാണ് അമേരിക്ക. ലോകത്ത് ശാശ്വത സമാധാനം നിലനിൽക്കണമെന്നല്ല, അശാന്തി നിലനിൽക്കണമെന്നാണ് ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുടെ താൽപര്യമെന്നും സ്വരാജ് പറഞ്ഞു.
സാംസ്‌കാരിക സമ്മേളനത്തിൽ മാസ് പ്രസിഡന്റ് ഹാരീസ് അന്നാര അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബിനു കോറോം, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, പ്രവാസി ക്ഷേമനിധി ഡയറക്‌ടർ ബോർഡ് അംഗം എൻ കെ കുഞ്ഞഹമ്മദ്, എൻടിവി ചെയർമാൻ മാത്തുകുട്ടി, ലോക കേരള സഭ അംഗം പി മോഹനൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മാസ് ജോയിന്റ് സെക്രട്ടറി ബഷീർ കാലടി, ട്രഷറർ ഷൈൻ റെജി എന്നിവർ സംസാരിച്ചു. പൂക്കള, പായസ മത്സരങ്ങളോടെ രാവിലെ ആറുമുതൽ ആഘോഷങ്ങൾ തുടങ്ങി. ചെണ്ടമേളം, വൈവിധ്യമാർന്ന വേഷങ്ങൾ, മുത്തുക്കുട എന്നിവയടങ്ങുന്ന ഘോഷയാത്ര അരങ്ങേറി. മാസിന്റെ 500ൽ അധികം കലാകാരന്മാരുടെ വിവിധ പരിപാടികളും ഗാനമേളയും അരങ്ങേറി.









0 comments