വിവാഹ പ്രായം ഉയർത്തി: 3 നിയമത്തിൽ ഭേദഗതിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വിവാഹ പ്രായമടക്കം വർഷങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന മൂന്ന് സുപ്രധാന നിയമം ഭേദഗതി ചെയ്‌ത് കുവൈത്ത്. ദിയാധനത്തിന്റെ തുക വർധിപ്പിക്കൽ, വിവാഹ പ്രായം ഉയർത്തൽ, ദുരഭിമാനക്കൊലക്കെതിരെ കർശന നടപടി എന്നിവയാണ് പ്രധാന മാറ്റം. മന്ത്രിസഭ അംഗീകരിച്ച നിയമഭേദഗതികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, നിയമമന്ത്രി നാസർ യൂസഫ് മുഹമ്മദ് അൽ സുമൈത് എന്നിവർ ഒപ്പുവച്ചു.
പുതിയ നിയമപ്രകാരം കുറഞ്ഞ വിവാഹ പ്രായം 16 വയസ്സിൽനിന്ന് 18 ആക്കി ഉയർത്തി. ബാലവിവാഹങ്ങൾ തടയാനും യുവതീ, യുവാക്കൾക്ക് വ്യക്തിഗത വികസനത്തിനുള്ള കൂടുതൽ അവസരം നൽകാനും ലക്ഷ്യമിട്ടാണ് നീക്കം. 18 വയസ്സിന് താഴെയുള്ളവരുടെ വിവാഹം ഇനി നിയമപരമായി അംഗീകരിക്കില്ല.
ഒരാളുടെ മരണത്തിന് ഉത്തരവാദികളായവർ നൽകേണ്ട ദിയാധനം 10,000 ദിനാറിൽനിന്ന് 20,000 ആക്കി ഉയർത്തിയതാണ് മറ്റൊരു പ്രധാന ഭേദഗതി. 40 വർഷത്തിലേറെയായി ഈ തുകയ്ക്ക് മാറ്റമില്ലായിരുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നിലവിലെ മാറ്റം. അക്രമ കേസുകളിൽ ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ഭേദഗതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
കുടുംബത്തിന്റെ ‘മാനനഷ്ടം’ തടയാനെന്ന പേരിൽ മക്കളെയും സ്ത്രീകളെയും കൊലപ്പെടുത്തുന്ന ‘ദുരഭിമാനക്കൊല’ ഇനി സാധാരണ കൊലപാതകമായി കണക്കാക്കും. ഇതുവരെ ഇത്തരം കേസുകളിൽ ശിക്ഷ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, പുതിയ ഭേദഗതി പ്രകാരം കൊലപാതകത്തിന് ലഭിക്കുന്ന അതേ ശിക്ഷതന്നെ ബാധകമാകും. സ്ത്രീകൾക്കും കുട്ടികൾക്കും നീതി നൽകുന്നതിന് ഭേദഗതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനും സമൂഹത്തിന്റെ മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭേദഗതികൾ. ഈ മാറ്റങ്ങൾ രാജ്യത്തെ നിയമസംഹിതയെ ആധുനികവൽക്കരിക്കുകയും സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
0 comments