പുതിയ ഗതാഗത നിയമം: ബോധവൽക്കരണ ക്യാമ്പയിനുകൾ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : പുതിയ ഗതാഗത നിയമം നടപ്പാക്കുന്നതിന് മുൻപ് ബോധവൽക്കരണ ക്യാമ്പയിനുകൾ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയും സുപ്രീം ട്രാഫിക് കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ-അഹമ്മദ് അൽ-സബാഹിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സുപ്രീം ട്രാഫിക് കൗൺസിലിന്റെ 23-ാമത് യോഗത്തിൽ ആഭ്യന്തര, വിദ്യാഭ്യാസ, പൊതുമരാമത്ത്, വാർത്താവിതരണം, പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ ഉയർന്ന ഉദ്ദ്യോഗസ്ഥർ പങ്കെടുത്തു. ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് സർക്കാർ ഏജൻസികളും പൊതു സമൂഹവും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ ഷെയ്ഖ് സലേം അൽ നവാഫ് എടുത്തു പറഞ്ഞു.
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഗതാഗത സുരക്ഷയിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പബ്ലിക് ട്രാസ്‌പോർട്ടിന്റെ ഉപയോഗം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബയുടെ നിർദേശാനുസരണമായിരുന്നു യോഗം. ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്തു കൊണ്ടുള്ള അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ ഗതാഗത നിയമത്തിന് ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞാണ് പ്രാബല്യത്തിൽ വരുക.
Related News

0 comments