കല കുവൈത്ത് : സൗജന്യ മാതൃഭാഷ പഠന ക്ലാസുകൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് മലയാളം മിഷന്റെ മാതൃഭാഷാ പഠനപദ്ധതിയുടെ ഭാഗമായി കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ മാതൃഭാഷ പഠന ക്ലാസുകൾക്ക് തുടക്കമായി. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി സൗജന്യ മാതൃഭാഷ പഠന ക്ലാസുകൾ തുടങ്ങിയ കല കുവൈത്ത് കഴിഞ്ഞ 35 വർഷമായി ക്ലാസുകള്‍ നടത്തിവരുന്നുണ്ട്.
അബുഹലീഫ മേഖലയിലെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ് അബുഹലീഫ ബ്ലോക്ക് 3ൽ ഗോപിനാഥിൻ്റെ വസതിയിൽ ആരംഭിച്ചു. മാതൃഭാഷ മേഖല ജോയിൻ്റ് കൺവീനർ സുരേഷ് ദാമോദരൻ്റെ അധ്യക്ഷതയിൽ മാതൃഭാഷ കേന്ദ്രസമിതി ജോയിൻ്റ് കൺവിനർ അനീഷ് മണിയൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സന്തോഷ് കെ ജി, മേഖല പ്രസിഡൻ്റ് ജോബിൻ ജോൺ എന്നിവർ സംസാരിച്ചു. അധ്യാപിക നിമ്യ ഗോപിനാഥിന് മാതൃഭാഷ മേഖലസമതി കൺവീനർ ഗായത്രി പഠനോപകരണങ്ങൾ കൈമാറി. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം, മേഖല എക്സിക്യൂട്ടിവ് അംഗം ഗോപീകൃഷ്ണൻ, മാതൃഭാഷ സമിതി അംഗങ്ങളായ അനൂപ്, പ്രമോദ് എന്നിവർ പങ്കെടുത്തു. മാതൃഭാഷ മേഖല ജോയിൻ്റ് കൺവീനർ രാജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് അധ്യാപിക നിമ്യ ഗോപിനാഥ് നന്ദി പറഞ്ഞു.
ഫഹാഹീൽ മേഖലയിലെ ഈ വർഷത്തെ മാതൃഭാഷ പഠന പ്രവർത്തനങ്ങള്‍ മംഗഫ് ബ്ലോക്ക് 3ൽ ബിനു സുഗതന്റെ വസതിയിൽ കല കുവൈത്ത് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ കേന്ദ്രസമിതി അംഗം അജിത് പോൾ ക്ലാസുകളെ പറ്റിയുള്ള വിശദീകരണം നൽകി. ബാലവേദി മേഖല സെക്രട്ടറി ദേവാനന്ദ ബിനു സംസാരിച്ചു. ഫഹാഹീൽ മേഖല ആക്ടിങ് സെക്രട്ടറി ജിൻസ് തോമസ്, മാതൃഭാഷ സമിതി കേന്ദ്രകമ്മറ്റി അംഗങ്ങൾ, മേഖല മാതൃഭാഷ സമിതി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ അധ്യാപിക ദീപ ബിനുവിന് പാഠപുസ്തകം കൈമാറി. മാതൃഭാഷ മേഖല കൺവീനർ ശ്രീരാജ് സ്വാഗതം ആശംസിച്ച പരിപാടിയിൽ മാതൃഭാഷ കേന്ദ്ര സമിതി അംഗം സജീവ് മാന്താനം നന്ദി പറഞ്ഞു.
അബ്ബാസിയ മേഖലയിൽ കലയുടെ അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി ആദ്യത്തെ ക്ലാസ് ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് കേന്ദ്രകമ്മിറ്റിയംഗം ജഗദീഷ് ചന്ദ്രന്‍ അധ്യക്ഷനായി. മാതൃഭാഷ കേന്ദ്രസമിതി അംഗം അജിത് നെടുകുന്നം സംസാരിച്ചു. മാതൃഭാഷ അദ്ധ്യാപകൻ രമേശ് കരിക്കന് അജിത് നെടുകുന്നം പാഠപുസ്തകം കൈമാറി. മാതൃ ഭാഷ അബ്ബാസിയ മേഖല ജോയിൻ കൺവീനർ ഷിജിൻ ചടങ്ങിൽ പങ്കെടുത്തു.
സാൽമിയ മേഖലയിലെ ആദ്യ ക്ലാസ്സ് സാൽമിയയിൽ കല കുവൈത്ത് കേന്ദ്ര കമ്മറ്റി അംഗം ജോസഫ് നാനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ജയരാജ് അധ്യക്ഷനായി. സാൽമിയ മേഖല പ്രസിഡന്റ് അബ്ദുൽ നിസാർ പാഠപുസ്തകം അധ്യാപിക ബെറ്റിയ്ക്ക് കൈമാറി . സാൽമിയ മേഖല മാതൃഭാഷാ സമിതി ജോയിന്റ് കൺവീനർ മനോജ്, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സാൽമിയ മാതൃഭാഷാ കൺവീനർ വിനോദ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിന് സാൽമിയ യൂണിറ്റ് കൺവീനറും അധ്യാപികയുമായ ബെറ്റി നന്ദി പറഞ്ഞു.
0 comments