ഇന്ത്യ-കുവൈത്ത് മാനുഷിക സഹകരണം ശക്തിപ്പെടുത്തും: ഇന്ത്യൻ അംബാസഡർ കെആർസിഎസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

india kuwait
വെബ് ഡെസ്ക്

Published on Mar 17, 2025, 04:53 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി (കെആർസിഎസ്) ചെയർമാൻ ഖാലിദ് അൽ മുഗാമിസുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കെആർസിഎസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള മാനുഷിക, ദുരിതാശ്വാസ പ്രവർത്തന സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ഊന്നൽ നൽകിയത്. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തെ ഖാലിദ് അൽ മുഗാമിസ് പ്രശംസിച്ചു. പ്രകൃതി ദുരന്തങ്ങൾ, യുദ്ധങ്ങൾ, സാമൂഹിക സംഘർഷങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനുള്ള കെആർസിഎസിൻ്റെ ദൗത്യവുമായി ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ഊർജിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ജാതി, മതം, ലിംഗഭേദമന്യേ എല്ലാ ആവശ്യക്കാരിലും സഹായം എത്തിക്കുന്ന കുവൈത്തിൻ്റെ സ്ഥായിയായ മാനുഷിക സമീപനം അദ്ദേഹം ഓർമ്മിപ്പിച്ചു. 2019-ൽ കേരളത്തിൽ ഉണ്ടായ പ്രളയദുരന്തത്തിലും 2021-ൽ കോവിഡ് മഹാമാരിക്കിടെ ഇന്ത്യയ്ക്ക് അടിയന്തര മെഡിക്കൽ സഹായം നൽകുന്നതിനും കെആർസിഎസ് നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ കെആർസിഎസ് വഹിക്കുന്ന സുപ്രധാന മാനുഷിക ദൗത്യത്തെ ഡോ. ആദർശ് സ്വൈക പ്രശംസിച്ചു. ദുരന്താശ്വാസ പ്രവർത്തനങ്ങളിലൂടെയും സഹകരണ പദ്ധതികളിലൂടെയും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ സജീവമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാമൂഹിക മേഖലകളിലെ സഹകരണം അടുത്തിടപഴകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത മാനുഷിക സംരംഭങ്ങളിലൂടെ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും ഭാവിയിൽ കൂടുതൽ സഹകരണ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു.



deshabhimani section

Related News

0 comments
Sort by

Home