ഇസ്രയേലിന് വീണ്ടും ഹൂതികളുടെ നാവിക ഉപരോധം


അനസ് യാസിന്‍
Published on Mar 14, 2025, 03:39 PM | 1 min read
മനാമ : ഗാസ വെടിനിർത്തലിനെ തുടർന്ന് നിർത്തിയ ഇസ്രയേൽ കപ്പലുകൾക്കുള്ള നാവിക ഉപരോധം പുനരാരംഭിച്ചതായി ഹൂതി സൈനിക വിഭാഗം. ചെങ്കടൽ, അറബിക്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇസ്രയേൽ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികൾ അറിയിച്ചു. ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം തടസപ്പെടുത്തുന്നത് പിൻവലിക്കാൻ ഇസ്രയേലിന് നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം.
ഗാസയിലേക്കുള്ള പ്രവേശ കവാടം തുറക്കാനും സഹായവും ഭക്ഷണവും മരുന്നും എത്തിക്കാനും ഇസ്രയേലിന് ചൊവ്വാഴ്ചവരെയാണ് സമയം നൽകിയത്. മുനമ്പിലേക്കുള്ള കവാടങ്ങൾ വീണ്ടും തുറക്കുന്നതുവരെ ഈ നിരോധനം തുടരുമെന്നും ഹൂതികൾ വ്യക്തമാക്കി.
യമൻ തലസ്ഥാനം സനയും വലിയൊരു ഭാഗം ചെങ്കടൽ തീരവും നിലവിൽ ഹൂതി നിയന്ത്രണത്തിലാണ്. 2023 ഒക്‌ടോബറിൽ ആരംഭിച്ച ഇസ്രയേൽ അധിനിവേശത്തിൽ പ്രതിഷേധിച്ച് അതേവർഷം നവംബറിലാണ് ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, അറബിക്കടൽ എന്നിവിടങ്ങളിൽ ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയത്. കപ്പലുകൾക്ക് നേരെ ഹൂതികൾ നൂറിലധികം ആക്രമണം നടത്തി. രണ്ട് കപ്പൽ മുക്കി. ഗാലക്‌സി ലീഡർ ചരക്ക് കപ്പൽ പിടിച്ചെടുത്തു. പിന്നീട് വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് കപ്പലിലെ 25 നാവികരെ ജനുവരി 22ന് വിട്ടയച്ചത്.
0 comments