ഹഫീത്ത് റെയിൽവേ പദ്ധതി: ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര നടപടിക്രമങ്ങൾ ആരംഭിച്ചു

മസ്‌കത്ത് : ഒമാനും യുഎഇക്കും ഇടയിലുള്ള റെയിൽവേപദ്ധതിയായ ഹഫീത്ത് റെയിലിനായി പാതയൊരുക്കൽ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. റെയിൽവേ പദ്ധതിയുടെ നഷ്ടപരിഹാരം പണമായും സാധനങ്ങളായും സ്വീകരിക്കുന്നതിനുള്ള ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പൗരന്മാരോട് സൊഹാറിലെ ഓഫീസ് സന്ദർശിക്കണമെന്ന് നോർത്ത് ബാറ്റിന ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് പറഞ്ഞു.
റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക ഉപയോഗത്തിനായി എടുത്ത ഭൂമിയും റെയിൽവേ ലൈനിന്റെ പരിധിയിൽ വരുന്നതുകാരണം നഷ്ട പരിഹാരത്തിന് അർഹമാണ്. ബാധിത ഭൂവുടമകൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മെയ് 18 മുതൽ 30 വരെ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഡയറക്ടറേറ്റ് സമയം നിശ്ചയിച്ചിട്ടുണ്ട്.
ഡയറക്ടറേറ്റിൽ പങ്കെടുക്കുന്ന പൗരന്മാർ അവരുടെ വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കൊണ്ടുവരണം. ബന്ധപ്പെട്ട കക്ഷിക്ക് നേരിട്ട് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ സാധുവായ, നിയമപരമായ പവർ ഓഫ് അറ്റോർണി ഹാജരാക്കണം. കൂടാതെ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശ രേഖയും ആവശ്യമാണ്. യഥാർത്ഥ ഭൂവുടമ മരിച്ച സാഹചര്യത്തിൽ, മരണസർട്ടിഫിക്കേറ്റും നിയമപരമായ അറിയിപ്പും എല്ലാ അവകാശികളുടെയും വ്യക്തിഗത തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം.
ഒമാനിലെ സൊഹാറിനെയും യുഎഇയിലെ അബുദാബി എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതിക്ക് ഏകദേശം 300 കോടി യുഎസ് ഡോളറാണ് ചെലവ് കണക്കാക്കുന്നത്. റെയിൽ പാതയിൽ 34 മീറ്റർ വരെ ഉയരമുള്ള 60 പാലങ്ങളും 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും ഉൾപ്പെടുന്നു.
ഹഫീത്ത് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ സൊഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. നിലവിലുള്ള യാത്രാ ദൈർഘ്യം 100 മിനിറ്റായി ചുരുങ്ങും. പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെയും ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെയും വേഗതയുണ്ടാകും.
0 comments