സൈബർ സുരക്ഷ: ബിരുദാനന്തര ബിരുദ കോഴ്‌സുമായി ദുബായ് പൊലീസ്

Image Credit: X/Dubai Media Office
ദുബായ്: സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുമായി ദുബായ് പൊലീസ് അക്കാദമി. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സ് ഡിസംബർമുതൽ ആരംഭിക്കും. 60,000 ദിർഹം പഠനഫീസ് വരുന്ന പ്രോഗ്രാമിന് യുഎഇ പൗരന്മാർക്കും താമസക്കാർക്കും പ്രവേശനം ലഭിക്കും. അറബ് ലോകത്തെ പൊലീസ് കോളേജുകളിൽ ആദ്യമായാണ് സൈബർ സുരക്ഷയിൽ ഇത്തരമൊരു കോഴ്‌സ് അവതരിപ്പിക്കുന്നത്.
ഒരു അക്കാദമിക് വർഷം മൂന്നു സെമസ്റ്ററും വേനലവധിക്കാല ക്ലാസും ഉൾപ്പെടുന്ന രീതിയിലാണ് കോഴ്‌സെന്ന് പൊലീസ് അക്കാദമിയിലെ ബിരുദ പഠന ഡയറക്ടർ ഡോ. എബ്സാം അൽ അവാദി അറിയിച്ചു. നയങ്ങൾ– മാനേജ്മെന്റ്, ഡിജിറ്റൽ ഫോറൻസിക്‌സ്, ഡിജിറ്റൽ അടിസ്ഥാനസൗകര്യം– സുരക്ഷ, ശാസ്ത്രീയ ഗവേഷണം– പ്രസിദ്ധീകരണം എന്നീ നാലു മേഖലയിലാണ് പഠനത്തിന്റെ പ്രാഥമിക ശ്രദ്ധ. നിയമം, സുരക്ഷാശാസ്ത്രം/ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 3.0 ജിപിഎയും അഞ്ചുവർഷത്തെ പ്രൊഫഷണൽ പരിചയവുമുള്ള ബിരുദധാരികൾക്കാണ് പ്രവേശനം. ഇംഗ്ലീഷ് പ്രാവീണ്യത്തിനായി ഐഇഎൽടിഎസ് 5.5, ടിഒഇഎഫ്‌എൽ സിബിടി 5.5, ടിഒഇഎഫ്‌എൽ ഐബിടി 550 മാർക്ക് ആവശ്യമാണ്. പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യ ബാച്ചിൽ 15 മുതൽ 20 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തും. കഴിവു തെളിയിക്കുന്നവർക്ക് ദുബായ് പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗത്തിലേക്കുള്ള പ്രവേശനവും സാധ്യമായേക്കും.
പ്രവേശന പരീക്ഷയും വ്യക്തിഗത അഭിമുഖവും നിർബന്ധം. മറ്റ് പൊലീസ് അക്കാദമി കോഴ്സുകളെ അപേക്ഷിച്ച് രണ്ടുമുതൽ മൂന്നുവർഷംവരെ വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി, 30 ക്രെഡിറ്റ് മണിക്കൂറുകൾ പൂർത്തിയാക്കി ഒരുവർഷത്തിൽ പഠനം അവസാനിപ്പിക്കാം. ലേബർ മാർക്കറ്റിന്റെ ആവശ്യം പരിഗണിച്ചാണ് കോഴ്‌സ് രൂപകൽപ്പനയെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. സഈദ് അൽ റഷ്ദി പറഞ്ഞു. വ്യവസായ രംഗത്തുള്ള വിദഗ്ധ അധ്യാപകരാണ് പഠനം കൈകാര്യം ചെയ്യുക. പ്രായോഗിക പരിശീലനത്തിനാണ് കൂടുതൽ പ്രാധാന്യം.
സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിൽ കഴിഞ്ഞ വർഷങ്ങളിലായി ദുബായ് പൊലീസ് മുൻനിരയിലാണ്. ക്രിമിനൽ ഡാറ്റ അനാലിസിസ് സെന്ററിന്റെയും സിഐഡിയുടെ സഹകരണത്തോടെയും എഐ ഉപയോഗിച്ച് കുറ്റകൃത്യ ഭൂപടങ്ങൾ കണ്ടെത്താനും സൈബർ ഭീഷണികൾ പ്രവചിക്കാനുമുള്ള സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇ- ട്രാക്കിങ് സിസ്റ്റം വഴി ബില്യൺ ദിർഹം തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ പിടികൂടിയതും ശ്രദ്ധേയമായിരുന്നു.









0 comments