Deshabhimani

മദീനയിൽ 210 ബില്യൺ റിയാലിന്റെ വികസന പദ്ധതികൾ

madeena city
വെബ് ഡെസ്ക്

Published on May 09, 2025, 05:44 PM | 2 min read

ജിദ്ദ: മദീന മേഖലയിൽ 210 ബില്യൺ സൗദി റിയാലിലധികം മുതൽമുടക്കുള്ള 213 വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് മദീന ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.


ഇതിൽ 188 പദ്ധതികളും സ്വകാര്യ മേഖലയിലാണ്. 15 എണ്ണം സർക്കാർ സംരംഭങ്ങളാണ്. ഈ പദ്ധതികൾക്കായി 15 ദശലക്ഷം ചതുരശ്ര മീറ്ററിലധികം ഭൂമി നീക്കിവെച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഈ വികസനങ്ങളിലൂടെ 1.19 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ 153 എണ്ണവുമായി വാണിജ്യ മേഖലയാണ് മുന്നിൽ. 27 റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സംയുക്ത സംരംഭങ്ങളാണ് രണ്ടാം സ്ഥാനത്ത്. ആരോഗ്യ, വിദ്യാഭ്യാസം, ടൂറിസം, മതപരമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് തൊട്ടടുത്തുള്ളത്.


കഴിഞ്ഞ വർഷം (2024) മൂന്നാം പാദത്തിൽ മദീന മേഖലയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 57.6 ബില്യൺ റിയാലായി ഉയർന്നു. ഇത് മുൻവർഷത്തെ ഇതേ കാലയളവിനെക്കാൾ 2.8 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. പോയിന്റ് ഓഫ് സെയിൽസ് കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ആഭ്യന്തര ഡിമാൻഡ് വളർച്ച നേടിയ രണ്ടാമത്തെ പ്രദേശം മദീനയാണ് 11 ശതമാനം. റിയാദാണ് ഒന്നാം സ്ഥാനത്ത്. സാമ്പത്തിക മേഖലയിലെ സുപ്രധാന വിവരങ്ങൾ വിശകലനം ചെയ്യുന്ന റിപ്പോർട്ട് നിക്ഷേപകർക്കും സംരംഭകർക്കും സഹായകമാകുന്ന വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നൽകി മദീനയുടെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്നു.

മദീനയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.


2024 ൽ 10 ബില്യൺ റിയാലിന്റെ വ്യാപാരം നടന്നു. മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 2024 ലെ നാലാം പാദത്തിൽ 8.4 ശതമാനമായി കുറഞ്ഞു. ഇത് അതേ വർഷത്തെ മൂന്നാം പാദത്തിലെ 10.3 ശതമാനത്തിൽ നിന്നുള്ള ശ്രദ്ധേയമായ കുറവാണ്. അതേസമയം, മേഖലയിലെ തൊഴിൽ ശക്തി 4.58 ലക്ഷത്തിലധികം പേരായി വർദ്ധിച്ചു. നിർമ്മാണം, വ്യാപാരം, ഉത്പാദനം എന്നീ മേഖലകളിലാണ് പ്രധാനമായും സാമ്പത്തിക പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.


നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ നൽകുക, സാമ്പത്തികപരമായ തീരുമാനങ്ങൾക്കായി വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ലഭ്യമാക്കുക, മേഖലയിലെ നിക്ഷേപ സൗഹൃദ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ചേംബറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ റിപ്പോർട്ടെന്ന് മദീന ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ മാസിൻ രാജാബ് അഭിപ്രായപ്പെട്ടു. സൗദി വിഷൻ 2030 ന്റെ പരിപാടികൾക്കുള്ളിൽ മദീന മേഖലയ്ക്ക് ലഭിച്ചിട്ടുള്ള അനുകൂല സാഹചര്യങ്ങളും നിക്ഷേപ സാധ്യതകളും വളർച്ചയ്ക്കും അഭിവൃദ്ധിക്കും അനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home