കുവൈത്തിലെ നാടുകടത്തൽ: മാസം 3000 പ്രവാസികൾ പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിമാസം ശരാശരി 3000 പ്രവാസികളെ നാടുകടത്തുന്നതായി റിപ്പോർട്ട്. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകളുടെയും ക്രിമിനൽ കേസുകളിൽ ശിക്ഷ ലഭിച്ചവരെ സംബന്ധിച്ചുള്ള ജുഡീഷ്യൽ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് നാടുകടത്തൽ നടപ്പാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാടുകടത്തൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയം ഭരണ-സുരക്ഷാ മേഖലകളിൽ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നാടുകടത്തൽ സംവിധാനം ആധുനികവൽക്കരിക്കുകയും പുതിയ നാടുകടത്തൽ കേന്ദ്രം പ്രവർത്തനക്ഷമമാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇതോടെ പ്രതിമാസം 3000 പേരെ നാടുകടത്താൻ കഴിയുന്നതായും അധികൃതർ അറിയിച്ചു.
സ്‌പോൺസറോ, നാടുകടത്തപ്പെടുന്നയാളോ യാത്രാടിക്കറ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, നാടുകടത്തൽ വിഭാഗം കെട്ടിടത്തിനുള്ളിലുള്ള ട്രാവൽ ഏജൻസികൾ വഴി ആഭ്യന്തര മന്ത്രാലയം ടിക്കറ്റ് എടുക്കും. പിന്നീട് പ്രസ്തുത ചെലവ് സ്‌പോൺസറിൽനിന്ന് മന്ത്രാലയം ഈടാക്കുമെന്നും വ്യക്തമാക്കി. നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയാൽ ശരാശരി മൂന്നുദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കും.
എന്നാൽ, സാധുവായ പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാകാൻ താമസമെടുക്കുന്ന വേളയിൽ അവരുടെ എംബസികൾ മുഖേനെ നേരിട്ട് ബന്ധപ്പെട്ട് ഇവ എത്രയും പെട്ടെന്ന് ലഭ്യമാക്കാനും പ്രത്യേക ഓഫീസ് ഒരുക്കിയിട്ടുണ്ട്. നാടുകടത്തൽ നടപടികൾ മുഴുവൻ മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കിയാണ് നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, അനധികൃത താമസക്കാരെയും നിയമലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കുവൈത്തിൽ നിയമവിരുദ്ധമായി താമസിക്കുന്നവർ എത്രയും വേഗം മാറണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
0 comments