യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠന വിഷയമാക്കുന്നു

ദുബായ് : വരുന്ന അധ്യയന വർഷം മുതൽ യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' കൂടി പഠിപ്പിക്കും. കിന്റർഗാർട്ടൻ മുതൽ 12ാം ക്ലാസ് വരെയുള്ള പൊതു വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു വിഷയമായി ഉൾപ്പെടുത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിതലമുറയെ പുതിയ ലോകത്തിനായി ഒരുക്കാനുള്ള യുഎഇയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാറ്റയും അൽഗോരിതങ്ങളും, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ, എഐയെക്കുറിച്ചുള്ള നൈതിക അവബോധം, യഥാർത്ഥ ലോകത്തിലെ എഐ-പ്രയോഗങ്ങൾ, എഐ-ഡ്രിവൺ ഇന്നൊവേഷൻ ആൻഡ് പ്രോജക്ട് ഡിസൈൻ തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയിലെ പ്രധാന മേഖലകളാണെന്ന് വിദ്യാഭ്യാസ മന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി വ്യക്തമാക്കി.
ദുബായ് സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുമെന്ന് കഴിഞ്ഞ വർഷം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, എമിറേറ്റിലെ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പരിശീലനം നൽകുന്നതിനുള്ള പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ആരംഭിച്ച ദുബൈ യൂണിവേഴ്സൽ ബ്ലൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് DUB.AI പ്രകാരമാണ് ഈ പരിപാടി ആരംഭിച്ചത്.
0 comments