സിന്ധു, സാക്ഷി, ദിപ, ജിതു ഖേല്‍രത്ന

Tuesday Aug 23, 2016

ന്യൂഡല്‍ഹി > റിയോ ഒളിമ്പിക്സില്‍ മെഡലുകള്‍ നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഗുസ്തിതാരം സാക്ഷി മാലിക്, മികച്ച പ്രകടനം പുറത്തെടുത്ത  ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകര്‍, ഷൂട്ടിങ്താരം ജിതുറായ് എന്നിവര്‍ക്ക് ഖേല്‍രത്ന പുരസ്കാരം. തിരുവനന്തപുരം സ്വദേശിയായ നീന്തല്‍പരിശീലകന്‍ എസ് പ്രദീപ്കുമാറിന് ദ്രോണാചാര്യയും ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.  നീന്തല്‍താരം സജന്‍ പ്രകാശിന്റെ പരിശീലകനാണ് പ്രദീപ് കുമാര്‍.

അത്ലറ്റിക്സ് കോച്ച് നാഗാപുരി രമേശ്, ബോക്സിങ് പരിശീലകന്‍ ശ്രീസാഗര്‍ മല്‍ ദയാല്‍, വിരാട് കോഹ്ലിയുടെ കോച്ച് രാജ്കുമാര്‍ ശര്‍മ, ദിപാ കര്‍മാകറുടെ പരിശീലകന്‍ ബി എസ് നന്ദി, ഗുസ്തി പരിശീലകന്‍ മഹാബീര്‍സിങ് എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്കാരം ലഭിക്കും. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍: രജത് ചൌഹാന്‍ (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്ലറ്റിക്സ്), സൌരവ് കോത്താരി (ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂകര്‍), ശിവഥാപ്പ (ബോക്സിങ്), അജിന്‍ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രതോപോള്‍ (ഫുട്ബോള്‍), റാണി, വി ആര്‍ രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത്സിങ്, അപൂര്‍വി ചന്ദേല (ഷൂട്ടിങ്), സൌമ്യജിത്ഘോഷ് (ടേബിള്‍ ടെന്നീസ്), വിനേഷ് (ഗുസ്തി), അമിത്കുമാര്‍ (ഗുസ്തി). ഭിന്നശേഷിവിഭാഗം: സന്ദീപ്സിങ് മന്‍ (അത്ലറ്റിക്സ്) വിരേന്ദര്‍ സിങ് (ഗുസ്തി).    29ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.