അഭിമാനമായി ഗോപി

Tuesday Aug 23, 2016
എം ഷാജി


കല്‍പ്പറ്റ > വയനാടന്‍ ചുരമിറങ്ങി റിയോയിലെത്തിയ ടി ഗോപിക്ക് മാരത്തണില്‍ അഭിമാനാര്‍ഹമായ നേട്ടം. 155 അത്ലീറ്റുകള്‍ അണിനിരന്ന മത്സരത്തില്‍ തന്റെ മികച്ച പ്രകടനത്തോടെ 25–ാം സ്ഥാനത്തെത്തി. സമയം 2:15.25 സെക്കന്‍ഡ്.

 ആദ്യ 10 കിലോമീറ്ററില്‍ 70–ാം സ്ഥാനത്തായിരുന്നു. പിന്നീട് പടിപടിയായി മുന്നേറിയാണ് ഈ ആദിവാസിയുവാവ് ആദ്യ 25ല്‍ എത്തിയത്. 20 കിലോ മീറ്ററായപ്പോഴേക്കും 55–ാം സ്ഥാനത്തെത്തി. 30 കിലോമീറ്ററില്‍ 39–ാം സ്ഥാനത്തും 40 കിലോമീറ്റില്‍ 28–ാം സ്ഥാനത്തുമായിരുന്നു. കൂട്ടുകാരനായ ഖേതാറാം 2:15.26 സമയത്തില്‍ 26–ാം സ്ഥാനത്തെത്തി.

ഒളിമ്പിക്സിന് യോഗ്യതനേടിയ മുംബൈ മാരത്തണില്‍ കുറിച്ച സമയം തിരുത്തിയാണ് ഗോപിയുടെ ഫിനിഷ്. മുംബൈ മാരത്തണില്‍ 2:16.15 സെക്കന്‍ഡില്‍ രണ്ടാമതെത്തിയാണ് ഒളിമ്പിക്സ്യോഗ്യത നേടിയത്. കല്ലുംമുള്ളും നിറഞ്ഞ ട്രാക്കിലൂടെ ഓടിയാണ് തോന്നക്കല്‍ ഗോപിയെന്ന ബത്തേരിക്കാരന്‍ ലോക കായികവേദിയിലെത്തിയത്. വയനാട്ടിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ആദിവാസിമേഖലയില്‍നിന്നുള്ള ഈ താരത്തിന്റെ റിയോയിലേക്കുള്ള പ്രയാണം അവിശ്വസനീയമായിരുന്നു.

ജനുവരിയില്‍ നടന്ന മുംബൈ മാരത്തണിലാണ് ഗോപി തന്റെ കരുത്തു തെളിയിച്ചത്. ആര്‍മി സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന ഈ പട്ടാളക്കാരന് മുംബൈ മാരത്തണില്‍ പങ്കെടുക്കുന്ന പ്രമുഖ അത്ലീറ്റുകള്‍ക്ക് 'പേസ് സെറ്റര്‍' ആയി ഓടാനായിരുന്നു കോച്ച് നിര്‍ദേശം നല്‍കിയത്. 30 കിലോമീറ്ററായിരുന്നു പേസ് സെറ്റര്‍ ഓടേണ്ടിയിരുന്നത്. എന്നാല്‍ ഈ ദൂരം മികച്ച നിലയില്‍ ഫിനിഷ്ചെയ്തതോടെ മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

എംജി സര്‍വകലാശാലയ്ക്കു കീഴില്‍ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെയാണ് ഗോപി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിനിടയില്‍ ഗോപിക്ക് പട്ടാളത്തില്‍ജോലി ലഭിച്ചു. പുണെ ആര്‍മി സ്പോര്‍ട്സ് അക്കാദമിയിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായി. ഫെബ്രുവരിയില്‍ നടന്ന സാഫ് ഗെയിംസില്‍ 10,000 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടി. 

ഗോപിയെ ഈ നിലയിലേക്കെത്തിച്ചതിനു പിന്നില്‍ വിജയി ടീച്ചര്‍ എന്ന കായികാധ്യാപികയുടെ അര്‍പ്പണബോധത്തിന്റെയും  മാതൃവാത്സല്യത്തിന്റെയും കഥകൂടിയുണ്ട്. ബത്തേരി തോന്നക്കല്‍ മൂലങ്കാവ് സ്വദേശികളായ ബാബുവിന്റെയും തങ്കത്തിന്റെയും മകനായ ഗോപിയുടെ കായികമികവു കണ്ടെത്തിയത് കാക്കവയലിലെ കായികാധ്യാപിക കെ പി വിജയിയായിരുന്നു. പാവപ്പെട്ട കര്‍ഷകകുടുംബത്തില്‍ ജനിച്ച ഗോപിക്ക് കൃത്യമായി സ്കൂളിലെത്താനോ കായികപരിശീലനം നടത്താനോ സാധിച്ചിരുന്നില്ല. പരിശീലനം മുടങ്ങുന്ന അവസ്ഥ വന്നതോടെ ടീച്ചര്‍ ഗോപിയെ എട്ടാം ക്ളാസ്മുതല്‍ പ്ളസ്ടുവരെ തന്റെ വീട്ടില്‍ നിര്‍ത്തിയാണ് പഠിപ്പിച്ചത്. ഭര്‍ത്താവും മകനും അകാലത്തില്‍ നഷ്ടപ്പെട്ട ടീച്ചര്‍ക്ക് ഗോപി സ്വന്തം മകനെപ്പോലെയായിരുന്നു.