ആധിപത്യം കാത്ത് അമേരിക്ക ; ചൈന തളര്‍ന്നു

Tuesday Aug 23, 2016
സമാപന ചടങ്ങില്‍ സിമോണി ബൈല്‍സ് അമേരിക്കന്‍ പതാകയുമായി

റിയോ > ലാറ്റിനമേരിക്കന്‍ മണ്ണില്‍ നടന്ന ആദ്യ ഒളിമ്പിക്സിലും അമേരിക്കതന്നെ. മെഡല്‍നേട്ടത്തിലും പ്രകടനത്തിലും അമേരിക്ക ഏറെ മുന്നില്‍നിന്നു. തിരിച്ചടി കിട്ടിയത് ചൈനയ്ക്കാണ്. ബ്രിട്ടന്‍ ചൈനയെ പിന്തള്ളി. ഫിജി, സിംഗപ്പുര്‍, പ്യൂര്‍ട്ടോ റിക്ക, കൊസോവ, ഐവറി കോസ്റ്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ കന്നിസ്വര്‍ണവും ബ്രസീല്‍നഗരത്തില്‍ വിരിഞ്ഞു. ഒരു വെള്ളിയും വെങ്കലവുമായി ഇന്ത്യ മെഡല്‍പട്ടികയില്‍ 67–ാമതായി. പതിനായിരത്തിലേറെ അത്ലീറ്റുകള്‍, 207 രാജ്യങ്ങള്‍, 31 കായിക ഇനങ്ങള്‍ അരങ്ങേറിയ റിയോവില്‍ ആകെ 27 റെക്കോഡ് പിറവിയെടുത്തു. നീന്തലിലും ഭാരോദ്വഹനത്തിലുമായിരുന്നു കൂടുതല്‍ റെക്കോഡ്.

നാലുവര്‍ഷം മുമ്പ് ലണ്ടനില്‍ നടത്തിയ പ്രകടനം അമേരിക്ക മെച്ചപ്പെടുത്തി. 554 അംഗങ്ങളുമായി റിയോവിലെത്തിയ അമേരിക്ക 46 സ്വര്‍ണം, 37 വെള്ളി, 38 വെങ്കലം ഉള്‍പ്പെടെ 121 മെഡല്‍ നേടി. ലണ്ടനില്‍ സ്വര്‍ണം 46 തന്നെയായിരുന്നു. വെള്ളിയിലും വെങ്കലത്തിലും മുന്നേറി. നീന്തലില്‍ മൈക്കേല്‍ ഫെല്‍പ്സ് ആറു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. വനിതാതാരം കാറ്റി ലെഡെക്കി നാലു സ്വര്‍ണവും ഒരു വെള്ളിയും. രണ്ടു റെക്കോഡും ലെഡെക്കി കുറിച്ചു. വനിതാ ജിംനാസ്റ്റിക്സില്‍ ഒരു സുവര്‍ണതാരത്തെയും അമേരിക്ക സമ്മാനിച്ചു– സിമോണി ബൈല്‍സ്. നാലു സ്വര്‍ണവും ഒരു വെങ്കലവുമായിരുന്നു ബൈല്‍സ് റിയോവില്‍ നേടിയത്. നീന്തല്‍ക്കുളം അമേരിക്ക ഭരിച്ചു– 16 സ്വര്‍ണം. ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ റഷ്യയുടെ അഭാവത്തില്‍ അമേരിക്ക ആധിപത്യം കാട്ടി– 13 സ്വര്‍ണം. സ്പ്രിന്റര്‍ അല്ലിസണ്‍ ഫെലിക്സ് ഒളിമ്പിക്സിലെ ആറാം സ്വര്‍ണവും സ്വന്തമാക്കി. പരമ്പരാഗത ഇനങ്ങളില്‍ കരുത്തുറപ്പിച്ച അമേരിക്ക ഷൂട്ടിങ് തുടങ്ങിയ മറ്റ് ഇനങ്ങളിലേക്കും മെഡല്‍ നീട്ടി.

അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചൈനയ്ക്ക് ഇക്കുറി തിരിച്ചടി നേരിടേണ്ടിവന്നു. പരമ്പരാഗത ഇനങ്ങളില്‍ അടിപതറി. നീന്തലില്‍ നിറംകെട്ടു. 1996 അറ്റ്ലാന്റ ഒളിമ്പിക്സിനുശേഷമുള്ള മോശം പ്രകടനം. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 70 മെഡലുകളായിരുന്നു ചൈനയ്ക്ക് ഇക്കുറി. ലണ്ടനില്‍ 38 സ്വര്‍ണവുമായി രണ്ടാം സ്ഥാനമായിരുന്നു. ബീജിങ്ങില്‍ നടന്ന മേളയില്‍ 51 സ്വര്‍ണവുമായി അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തി.

നീന്തലിലെ തിരിച്ചടിക്കുപിന്നാലെ ബാഡ്മിന്റണിലും ചൈന മങ്ങിപ്പോയി. ബാഡ്മിന്റണില്‍ രണ്ടു സ്വര്‍ണമായിരുന്നു ആകെ. ഡൈവിങ്ങിലും ടേബിള്‍ ടെന്നീസിലും പ്രതീക്ഷകാത്തു.
ബ്രിട്ടന്‍ സൈക്ളിങ്ങില്‍ ആധിപത്യം വിട്ടുകൊടുത്തില്ല. ആകെ മെഡല്‍നേട്ടത്തില്‍ ചൈനയെ മറികടക്കാന്‍ സഹായിച്ചതും ഈ പ്രകടനമായിരുന്നു. 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ 67 മെഡല്‍ അവര്‍ നേടി. ലണ്ടനിലെക്കാള്‍ രണ്ടു സ്വര്‍ണം കുറവ്.

പത്തൊമ്പത് സ്വര്‍ണവുമായി റഷ്യ നാലാമതെത്തി. ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ വിലക്കിയത് റഷ്യക്ക് തിരിച്ചടിയായി. ജര്‍മനി, ജപ്പാന്‍ രാജ്യങ്ങളും മികച്ചുനിന്നു. ജമൈക്ക ആറു സ്വര്‍ണവുമായി അത്ലറ്റിക്സിലെ മിന്നുന്ന പ്രകടനം തുടര്‍ന്നു. ആതിഥേയരായ ബ്രസീല്‍ ഏഴു സ്വര്‍ണം നേടി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആറു സ്വര്‍ണവുമായി കെനിയ തിളങ്ങി. എത്യോപ്യ മങ്ങി.