നിറവും നൃത്തവും ചാലിച്ച് വിരാമം

Tuesday Aug 23, 2016

റിയോ > ഒളിമ്പിക്ദീപം റിയോയില്‍ മിഴിയടച്ചു. 31–ാമത് ഒളിമ്പിക്സിന് ബ്രസീലിന്റെ പ്രിയപ്പെട്ട മാരക്കാന സ്റ്റേഡിയത്തില്‍ ആഘോഷപൂര്‍ണമായ അവസാനം. കാര്‍ണിവലിന്റെ അന്തരീക്ഷത്തില്‍ ബ്രസീലിന്റെ സംഗീതവും നൃത്തവും നിറഞ്ഞു. അപ്രതീക്ഷിത മഴയില്‍ നനഞ്ഞെങ്കിലും അതിന്റെ തണുപ്പില്‍ കുതിരാതെയായിരുന്നു ഭൂഖണ്ഡങ്ങളുടെ കായികമാമാങ്കത്തിന് റിയോയില്‍ സമാപനമായത്. 2020ല്‍ ഒളിമ്പിക്സിന് വേദിയാകുന്ന ജപ്പാനിലെ ടോക്യോ നഗരത്തിന് ഒളിമ്പിക്പതാക കൈമാറിയതോടെ റിയോയിലെ 16 ദിവസങ്ങള്‍ ലോക കായികചരിത്രത്തിന്റെ ഭാഗമായി.

ഉദ്ഘാടനചടങ്ങിന്റെ രണ്ടാം പതിപ്പെന്നപോലെയായിരുന്നു റിയോയില്‍ സമാപനചടങ്ങിന്റെ തുടക്കം. കാര്‍ണിവല്‍ സംഗീതവും നൃത്തവും നിറങ്ങളും മാരക്കാനയെ ആഘോഷത്തിലാഴ്ത്തി. നടത്തിപ്പിനെക്കുറിച്ച്  തുടക്കംമുതല്‍ ഉയര്‍ന്ന പരാതികള്‍ സമാപനചടങ്ങിലും തുടര്‍ന്നു. പരിപാടികള്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിപാടികള്‍ പുനഃസ്ഥാപിച്ചു.

കാര്‍ണിവലിന്റെ നാടായ റിയോയുടെ തെരുവുകളിലൊന്നാകുകയായിരുന്നു മാരക്കാന. 1935ലെ കാര്‍ണിവലിനുവേണ്ടി ആന്ദ്രെ ഫില്യോ എഴുതി സില്‍വ സൊബ്രെയ്റ ഈണമിട്ട മഹാനഗരം എന്ന് അര്‍ഥംവരുന്ന 'സിദാദ്സി മാര്‍വലോസ' എന്ന ഗാനം സ്റ്റേഡിയത്തില്‍ മുഴങ്ങി. ബ്രസീലിയന്‍ മോഡലായ ഇസബെല്‍ ഗൂലാര്‍ടിന്റെ നേതൃത്വത്തില്‍ 250ഓളം നര്‍ത്തകര്‍ മൈതാനത്തിലിറങ്ങി. കാര്‍ണിവല്‍... നിറങ്ങള്‍... ആഘോഷത്തിന്റെ രാവ്...

മക്കാവ് തത്തകളുടെ വേഷമണിഞ്ഞ നര്‍ത്തകര്‍ റിയോ നഗരത്തിന്റെ അഭിമാനമായ 'ക്രൈസ്റ്റ് ദി റെഡീമര്‍' പ്രതിമയുടെയും ഷുഗര്‍ലോഫ് മലനിരകളുടെയും രൂപങ്ങള്‍ മൈതാനമധ്യത്തില്‍ തീര്‍ത്തു. പിന്നെ കൃത്രിമമഴയില്‍ നനഞ്ഞ് ഒളിമ്പിക്ദീപം അണഞ്ഞു.

206 രാജ്യങ്ങളുടെയും അഭയാര്‍ഥിസംഘത്തിന്റെയും കായികതാരങ്ങള്‍ സ്റ്റേഡിയത്തെ അഭിവാദ്യംചെയ്തു മടങ്ങി. ഇന്ത്യന്‍ ദേശീയ പതാകയേന്തിയത് റിയോയിലെ ആദ്യമെഡല്‍ നേടിയ സാക്ഷി മാലിക്കായിരുന്നു.

മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിന്റെ വേദിയായ ടോക്യോക്ക് ഒളിമ്പിക്പതാക കൈമാറിയത് അന്താരാഷ്ട്ര ഒളിമ്പിക്സമിതി പ്രസിഡന്റ് തോമസ് ബാഹായിരുന്നു. ടോക്യോ നഗരത്തിന്റെ ഗവര്‍ണര്‍ യൂറികോ കൊയ്കെ പതാക ഏറ്റുവാങ്ങി. തുടര്‍ന്ന് 12 മിനിറ്റ് ടോക്യോയിലെ കലാകാരന്മാരുടെ പ്രകടനം സ്റ്റേഡിയത്തില്‍ നിറഞ്ഞു. കുട്ടികളുടെ പ്രിയപ്പെട്ട വീഡിയോ ഗെയിം താരമായ സൂപ്പര്‍ മരിയോയായി പ്രസിഡന്റ് ഷിന്‍സോ ആബെ വേഷമണിഞ്ഞപ്പോള്‍ സ്റ്റേഡിയം കൈയടികളാല്‍ നിറഞ്ഞു.

തോമസ് ബാഹിന്റെയും റിയോ ഒളിമ്പിക്സിന്റെ മേയര്‍ കാര്‍ലോസ് ആര്‍തര്‍ നൂസ്മാന്റെയും നന്ദിവാക്കുകള്‍ക്കിടയിലും സ്റ്റേഡിയത്തില്‍ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു. ഉദ്ഘാടനചടങ്ങില്‍ കൂവല്‍ ഏറ്റുവാങ്ങിയ ബ്രസീലിന്റെ താല്‍ക്കാലിക പ്രസിഡന്റ് മൈക്കെല്‍ തെമര്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു.

മിനിറ്റുകള്‍ നീണ്ട കരിമരുന്നുപ്രയോഗത്തോടെ റിയോ–16 ചരിത്രത്തിലേക്ക് അലിഞ്ഞുചേര്‍ന്നു.