നെയ്മര്‍ ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞു

Monday Aug 22, 2016
ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മര്‍ ഒളിമ്പിക് സ്വര്‍ണമെഡലുമായി മകനൊപ്പം

റിയോ> മാരക്കാനയിലെ മഞ്ഞക്കടല്‍ സാക്ഷി. ബ്രസീലിന് ആദ്യ ഒളിമ്പിക്സ് ഫുട്ബോള്‍കിരീടം സമ്മാനിച്ച് നെയ്മര്‍ നായകപദവി ഒഴിഞ്ഞു. എല്ലാ തിരിച്ചടികളും മോഹഭംഗങ്ങളും മായ്ച്ച സുന്ദരരാത്രി. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെപോയ എല്ലാ നിമിഷങ്ങള്‍ക്കും മാപ്പാക്കിയാണ് ബ്രസീലിയന്‍ജനതയ്ക്ക് നെയ്മറുടെ സമ്മാനം.

ബ്രസീല്‍ കരഞ്ഞുപോയ ലോകകപ്പില്‍, നിരാശപ്പെടുത്തിയ കോപ്പ അമേരിക്കയില്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തു. അത്രയ്ക്കും സ്ഫോടനാത്മകവും അതിവൈകാരികവുമായിരുന്ന മാരക്കാന സ്റ്റേഡിയത്തില്‍ 24കാരന്റെ സ്വപ്നജാലം.  ഫുട്ബോളിനെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന ഒരു ജനതയ്ക്ക് ഇത് മറക്കാനാകില്ല. നെയ്മറെ അവര്‍ മഹാരഥന്മാരുടെ പീഠത്തില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു.

2014ല്‍ ഇതേതട്ടകത്തില്‍ നെയ്മര്‍ ബ്രസീലിന് ലോകകപ്പ് സമ്മാനിക്കുമെന്ന് വിശ്വസിച്ചവരുണ്ടായിരുന്നു. എന്നാല്‍, ലക്ഷ്യത്തിലെത്തുംമുമ്പെ മൈതാനത്ത് ചവിട്ടേറ്റുവീണു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയുടെ യുവാന്‍ കാമിലോ സുനിഗയാണ് ചവിട്ടിവീഴ്ത്തിയത്. നട്ടെല്ലിന് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ക്ക് സ്വന്തം ടീം ജര്‍മ്മനിയോട് സെമിയില്‍ 7–1ന് തോല്‍ക്കുന്നത് നിസ്സഹായനായി കാണേണ്ടിവന്നു.

ലോകകപ്പില്‍ ജര്‍മ്മനിയോടേറ്റ ദയനീയ തോല്‍വിക്കുശേഷമാണ് 2014 സെപ്തംബറില്‍ നെയ്മര്‍ നായകപദവി ഏറ്റെടുത്തത്. 2015ലെ കോപ്പ അമേരിക്ക ഫുടബോളില്‍ ക്യാപ്റ്റനായി അരങ്ങേറി. ഗ്രൂപ്പ് മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കിട്ടി. സസ്പെന്‍ഷനിലായതിനാല്‍ ക്വാര്‍ട്ടര്‍ഫൈനല്‍ കളിക്കാനായില്ല. നെയ്മറുടെ പക്വതയില്ലാത്ത പെരുമാറ്റത്തിന് കൊടുക്കേണ്ടിവന്നത് വലിയ വിലയായിരുന്നു. ബ്രസീല്‍ ക്വാര്‍ട്ടറില്‍ തോറ്റു. ക്ളബ്ബായ ബാഴ്സലോണ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഈവര്‍ഷം നടന്ന നൂറാംവാര്‍ഷിക കോപ്പ ഫുട്ബോളിലും കളിച്ചില്ല. ബ്രസീല്‍ തോറ്റുമടങ്ങുകയുംചെയ്തു.
ഒളിമ്പിക്സിലും ബ്രസീലിന്റെ തുടക്കം നന്നായില്ല. ഇറാക്കിനോടും ദക്ഷിണാഫ്രിക്കയോടും ഗോളടിക്കാതെ സമനില വഴങ്ങിയതിന് നെയ്മറും പഴികേട്ടു. നാട്ടുകാരുടെ കൂവലും പരിഹാസവും. നെയ്മറുടെ ക്യാപ്റ്റന്‍സ്ഥാനത്തെക്കുറിച്ചും വിമര്‍ശമുയര്‍ന്നു. ഒടുവില്‍ ഡെന്മാര്‍ക്കിനെ നാലു ഗോളിന് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. അതോടെ നെയ്മറും ഫോമിലായി. കൊളംബിയയെ തോല്‍പ്പിച്ച ക്വാര്‍ട്ടറില്‍ ഗോളടിച്ചു. സെമിയില്‍ ഹോണ്ടുറാസിനെ ആറ് ഗോളിന് തകര്‍ത്തപ്പോഴും നെയ്മറുടെ ഗോളുണ്ടായിരുന്നു.

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഒളിമ്പിക് ഫൈനല്‍ ഷൂട്ടൌട്ടില്‍ ഇരു ടീമുകളും നാല് കിക്കുകള്‍വീതം ഗോളാക്കി. ജര്‍മനിയുടെ നീല്‍സ് പീറ്റേഴ്സന്റെ കിക്ക് ബ്രസീല്‍ ഗോളി രക്ഷപ്പെടുത്തിയതോടെ നെയ്മറുടെ അഞ്ചാമത്തെ കിക്ക് നിര്‍ണായകമായി.

ഒരു നിമിഷം സ്റ്റേഡിയം നിശബ്ദം. നെയ്മര്‍ കിക്കെടുക്കാന്‍ വരുന്നു. പന്ത് കൈയിലെടുത്തു. കണ്ണടച്ചു. പ്രാര്‍ത്ഥിച്ചു, പിന്നെ പന്തില്‍ ഉമ്മവച്ചു. പന്ത് താഴെവച്ച് പിന്നോട്ടുനടന്നു. പിന്നെ ജര്‍മന്‍ഗോളിയുമായി മുഖാമുഖം. ഗോളിയുടെ കണ്ണിലേക്ക് നോക്കി. ഓടിവന്ന്, ഒന്നുനിന്ന് വീണ്ടും കുതിച്ച് ഷോട്ട്. ഗോളി കാണുംമുമ്പെ പന്ത് വലയില്‍. സ്റ്റേഡിയം പൊട്ടിത്തെറിച്ചു–ഗോള്‍.

നെയ്മര്‍ മൈതാനത്ത് മുട്ടുകുത്തിയിരുന്നു. കൈകള്‍ ഉയര്‍ത്തി. ദൈവത്തോട് നന്ദി പറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. അപ്പോഴേക്കും കൂട്ടുകാര്‍ പൊതിഞ്ഞു. അവരുമായി സ്നേഹവും സന്തോഷവും പങ്കിട്ട് സ്റ്റേഡിയത്തെ നോക്കി ഉസൈന്‍ ബോള്‍ട്ടിനെ അനുകരിച്ച് കൈകള്‍ വിടര്‍ത്തി. മഞ്ഞക്കടല്‍ ഇരമ്പിയാര്‍ത്തു.

'എന്റെ സ്വപ്നം യാഥാര്‍ഥ്യമായി. എന്റെ ജീവിതത്തിലെ അമൂല്യമായ നിമിഷം. ഇതാണ് സമയം. ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയുംചെയ്ത നായകപദവി ഒഴിയാനുള്ള സമയം. വിമര്‍ശകര്‍ക്ക് ഇനി അവരുടെ വാക്കുകള്‍ വിഴുങ്ങാം. ലോകം കാണട്ടെ ഈ വിജയം''– നെയ്മറുടെ വികാരനിര്‍ഭരമായ വാക്കുകള്‍.

'ഇനി പുതിയ ക്യാപ്റ്റന്‍ വരട്ടെ. ഇക്കാര്യം ഒളിമ്പിക് ടീം കോച്ച് റൊജേരിയോ മികാലേയെയും ദേശീയ കോച്ച് ലിയനാഡോ ടിറ്റെയെയും അറിയിച്ചു''– നെയ്മര്‍ പറഞ്ഞു.