17 July Wednesday

തെക്കന്‍ സൗദിയില്‍ ജല ശുദ്ധീകരണശാല ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം

അനസ് യാസിന്‍Updated: Saturday Jun 22, 2019

മനാമ> തെക്കന്‍ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്കു സമീപം ജല ശുദ്ധീകരണ ശാലയെ ലക്ഷ്യമിട്ട് ഹൂതി മിലിഷ്യകളുടെ റോക്കറ്റ് ആക്രമണം. റോക്കറ്റ് ജല ശുദ്ധീകരണ ശാലക്കുസമീപം തകര്‍ന്നു വീണതായി സൗദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയാണ് സംഭവം. ഏതു തരം ആയുധമാണ് ഹൂതികള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് നിര്‍ണയിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ക്രൂയിസ് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. തിങ്കളാഴ്ച രാത്രി അബഹയില്‍ ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് ഹൂതികള്‍ രണ്ടു തവണ് ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ചിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദി വ്യോമസേന വെടിവെച്ചിട്ടു.

ഒരാഴ്ചക്കിടെ അബഹക്കു നേരെ നാലാമത്തെ ആക്രമണമാണിത്. അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടും ഖമീസ് മുശൈത്തും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം  സൗദി സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച അബഹ എയര്‍പോര്‍ട്ടില്‍ ഹൂത്തികള്‍  നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരി അടക്കം 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.


പ്രധാന വാർത്തകൾ
 Top