Deshabhimani

ടെല്‍ അവീവില്‍ അമേരിക്കന്‍ എംബസിക്ക് സമീപം ഹൂതി ഡ്രോണ്‍ ആക്രമണം; ഒരു മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 10:54 PM | 0 min read

മനാമ> ടെല്‍ അവീവില്‍ യുഎസ് എംബസിക്ക് സമീപം ഹൂതി ഡ്രോണ്‍ ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.12 നാണ് ആക്രമണം ഉണ്ടായത്. അമേരിക്കന്‍ എംബസി ബ്രാഞ്ച് ഓഫീസ് കെട്ടിടത്തില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിലാണ് ഡ്രോണ്‍ പതിച്ചത്.

ടെല്‍ അവീവിലെ തിരക്കേറിയ സെന്‍ട്രല്‍ ജില്ലയിലാണ് ആക്രമണം. അമേരിക്കയുടേത് ഉള്‍പ്പെടെ നിരവധി നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനമാണ് ഇവിടം. യുഎസ് എംബസി ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി പറഞ്ഞു.


ആക്രമണസമയത്ത്‌ സാധാരണ പ്രവര്‍ത്തിക്കുന്ന വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ പ്രവര്‍ത്തിച്ചില്ലെന്ന്‌ ഇസ്രയേല്‍ കരസേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് വ്യോമസേന പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. പലസ്തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ലക്ഷ്യം വെക്കുന്നത് തുടരുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി പറഞ്ഞു.

ആക്രമണത്തിനെതിരെ അനുയോജ്യമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ചെങ്കടല്‍ നഗരമായ എയ്‌ലാത്ത് ഉള്‍പ്പെടെയുള്ള വിവിധ ഇസ്രായേല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി  ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ ഏഴിന് ഇസ്രയേലിലെ ഹൈഫ തുറമുഖത്ത് മൂന്നു കപ്പലുകള്‍ക്കെതിരെയും ജൂലായ് രണ്ടിന് ഹൈഫ തുറമുഖ നഗരത്തിലും ആക്രമണം നടത്തിയതായും ഹൂതികള്‍ വെളിപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home