19 September Thursday
ന്യൂയോർക്കിൽ എൻ95 മാസ്ക് നിർബന്ധമാക്കി

കാനഡയിലെ കാട്ടുതീ; പുകപടലം അമേരിക്കയിലേക്ക് വ്യാപിക്കുന്നു: ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

twitter.com/CanadaWildfire/photo

ന്യൂയോര്‍ക്ക് > കാനഡയില്‍ വന്‍ നാശം വിതച്ച് കാട്ടുതീ വ്യാപിക്കുന്നു. കാട്ടുതീ മൂലമുണ്ടായ പുകപടലം അമേരിക്കയിലേക്കും പടർന്ന് പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.  ക്യുബക്ക്, ടൊറന്റോ, ഒന്റാരിയോ എന്നീ ന​ഗരങ്ങളെയാണ് പ്രധാനമായും കാട്ടുതീ ബാധിച്ചിട്ടുള്ളത്. പത്തു വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ആയിരക്കണക്കിനു ജനങ്ങളെ ഇതിനോടകം ന​ഗരങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.

160ഓളം തീപിടിത്തങ്ങളാണ് പലയിടങ്ങളിലായി ഉണ്ടായത്. കാനഡയിലെ ക്യൂബക് മേഖലയിലാണ് കാട്ടുതീ കൂടുതലായി പടർന്നു പിടിക്കുന്നത്. ഇതിൽ 114 എണ്ണവും നിയന്ത്രണാതീതമാണെന്നാണ് ക്യൂബകിൽ നിന്നുള്ള റിപ്പോർട്ട്. ക്യുബക് സിറ്റിയില്‍ മാത്രം 20,000 ഹെക്ടര്‍ പ്രദേശമാണ് കത്തി നശിച്ചത്. ക്യൂബകിലെ തീ അണയുവാൻ ഈ ചൂടുകാലം മുഴുവൻ വേണ്ടിവരും എന്നാണ് കാനഡയിൽ നിന്നുള്ള വാർത്തകൾ. കാട്ടുതീ അണയ്ക്കുവാൻ അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണു കാനഡ.  ഇടിമിന്നലിൽ നിന്നാണ് കാട്ടുതീ പടർന്നതെന്നാണ് വിവരം.

കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന് ​ഗുരുതരമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ന്യൂയോർക്ക് നഗരത്തിലെ വായു ശ്വാസയോഗ്യമല്ലെന്നും അനാരോഗ്യകരമാണെന്നും റിപ്പോർട്ടുകളുണ്ട്. വായുനിലവാരം മോശമായതിനാൽ അമേരിക്കയിൽ നിരവധിപേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങളും റിപ്പോർട്ട് ചെയ്തു.

പുറത്തിറങ്ങുമ്പോൾ എൻ95 മാസ്ക് ധരിക്കാൻ ന്യൂയോർക്കിലെ ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.  അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും കഴിവതും വീട്ടിനുള്ളിൽ തന്നെ തുടരാനും അധികൃതർ അറിയിച്ചു. പുകപടലം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാലാണ് നിർദേശം. ന്യൂയോർക്കിനു പുറമേ ഒഹിയോ വാലി,ബോസ്റ്റൺ, മിഷിഗണിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും പുക പടരുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top