31 March Tuesday

കൊറോണ മരണം 1770; ഡബ്ല്യുഎച്ച്‌ഒ സംഘം ചൈനയിൽ പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

ബീജിങ്‌> കൊറോണ വൈറസ്‌ ബാധയ്‌ക്ക്‌(കോവിഡ്‌19) എതിരെ ചൈനയുടെ പോരാട്ടത്തെ സഹായിക്കാൻ എത്തിയ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്‌ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധർക്കൊപ്പം വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങി. ഡബ്ല്യുഎച്ച്‌ഒയുടെ 12 അംഗ സംഘം ആദ്യം തലസ്ഥാനമായ ബീജിങ്‌, ഗുവാങ്‌ദോങ്‌, സി ചുവാൻ എന്നിവിടങ്ങളിലാണ്‌ സന്ദർശനം നടത്തുന്നത്‌. അമേരിക്കയിൽ നിന്നുള്ളവരും സംഘത്തിലുണ്ട്‌.

105 പേർ കൂടി കോവിഡ്‌19 ബാധിച്ച്‌ മരിച്ചതോടെ ഈ രോഗം മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1770 ആയി. 2048 പേർക്ക്‌ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 70548 ആയതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട്‌ ചെയ്‌തു.

രോഗവിമുക്തരായവർ പ്ലാസ്‌മ എടുക്കാൻ രക്തം നൽകണമെന്ന്‌ അധികൃതർ അഭ്യർഥിച്ചു. ഇവരുടെ രക്തത്തിലെ പ്ലാസ്‌മയിലുള്ള ആന്റിബോഡികൾ രോഗികളിൽ കുത്തിവയ്‌ക്കുന്നതിനാണിത്‌. കഴിഞ്ഞദിവസം ഈ രീതി പ്രയോഗിച്ചതിന്‌ ഗുണകരമായ അനുഭവമുണ്ട്‌.

രോഗ ബാധിത പ്രദേശങ്ങളിലേക്ക്‌ 30000 പേരുടെ വൈദ്യസംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്‌. 11000 തീവ്രപരിചരണ വിദഗ്ധരെ രോഗികളിൽ ബഹുഭൂരിപക്ഷവുമുള്ള വുഹാൻ നഗരത്തിലേക്ക്‌ അയച്ചിരുന്നു. രാജ്യമാകെ കോവിഡ്‌ 19ന്‌ എതിരായ പോരാട്ടത്തിലായതിനാൽ അടുത്തമാസം നടക്കേണ്ട പാർലമെന്റിന്റെ വാർഷിക സമ്മേളനം മാറ്റിവച്ചേക്കും എന്ന്‌ റിപ്പോർട്ടുണ്ട്‌. നാഷണൽ പീപ്പിൾസ്‌ കോൺഗ്രസിന്റെ(എൻപിസി) സമ്മേളനവും ചൈനീസ്‌ പീപ്പിൾസ്‌ പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ്‌ കോൺഫറൻസുമാണ്‌ മാറ്റിവയ്‌ക്കുന്നത്‌. ഇതിനുള്ള കരട്‌ നിർദേശം ചർച്ച ചെയ്യാൻ എൻപിസി സ്‌റ്റാൻഡിങ് കമ്മിറ്റി ഈ മാസം യോഗം ചേരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top