24 October Thursday

അമേരിക്കയെ ചെറുക്കാൻ സജ്ജമെന്ന്‌ വെനസ്വേല

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ജനീവ >  ഏത്‌ ആക്രമണവും ചെറുക്കാൻ വെനസ്വേല സജ്ജമാണെന്ന്‌ വിദേശമന്ത്രി ഹോർഹെ അരിയാസ വ്യക്തമാക്കി. വെനസ്വേലയെ ലക്ഷ്യമിട്ട്‌ കഴിഞ്ഞ ദിവസം അമേരിക്ക മേഖലയിലെ 10 രാജ്യങ്ങളും വെനസ്വേലൻ പ്രതിപക്ഷവുമായി ചേർന്ന്‌ ഉടമ്പടിയിലെത്തിയ സാഹചര്യത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 

 ജനീവയിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷ മിഷേൽ ബാഷ്‌ലെയുമായി കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു വിദേശമന്ത്രി.വെനസ്വേലൻ പ്രതിപഷത്തിന്റെ അഭ്യർഥനയനുസരിച്ചാണ്‌ ഉടമ്പടിയെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ വ്യക്തമാക്കിയിരുന്നു. ബുധനാഴ്‌ചയാണ്‌ ഉടമ്പടിയിലെത്തിയത്‌. വെനസ്വേലയിൽ ഇടപെടുന്നതിൽനിന്ന്‌ തന്നെ തടഞ്ഞത്‌ കഴിഞ്ഞ ദിവസം പുറത്തായ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടനാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പിന്നാലെ പറയുകയും ചെയ്‌തു.

 വെനസ്വേലയിലെ പ്രതിപക്ഷ നേതാവ്‌ ഹുവാൻ ഗുവായിദോയേയാണ്‌ അമേരിക്ക പ്രസിഡന്റായി അംഗീകരിക്കുന്നത്‌.
വെനസ്വേലയിൽ അട്ടിമറി ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങളിൽ ഒടുവിലത്തേതാണ്‌ മേഖലാ ഉടമ്പടി. പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ മേഖലയിലെ മറ്റ്‌ രാജ്യങ്ങൾക്കും ഭീഷണിയാണ്‌ എന്നാരോപിച്ചാണ്‌ അമേരിക്കയുടെ സന്നാഹം. 

 വെനസ്വേല ഒരു സഹോദര രാജ്യത്തെയും ആക്രമിക്കില്ലെന്നും എന്നാൽ തങ്ങൾക്കെതിരെയുണ്ടാകുന്ന ഏത്‌ ആക്രമണത്തെയും പ്രതിരോധിക്കുമെന്നും വിദേശമന്ത്രി ഹോർഹെ അരിയാസ പറഞ്ഞു. ഇതിനിടെ വെനസ്വേല പ്രതിപക്ഷ നേതാവ്‌ ഹുവാൻ ഗുവായിദോയ്‌ക്ക്‌ വിദേശ സായുധ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പുറത്തായി.

 കൊളംബിയയിലെ നിയമവിരുദ്ധ സായുധ സംഘത്തിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയിൽ ഗുവായിദോ നിൽക്കുന്ന ചിത്രമാണ്‌ പ്രചരിക്കുന്നത്‌. താൻ പലർക്കൊപ്പവും ഫോട്ടോയെടുത്തിട്ടുണ്ടെന്നും എന്നാൽ അവരുമായെല്ലാം ബന്ധമില്ലെന്നും ഗുവായിദോ അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top