17 September Tuesday

അമേരിക്കൻ തന്ത്രം പാളി; വെനസ്വേലയിലെ ഒരു അട്ടിമറിശ്രമം കൂടി പരാജയപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday May 2, 2019

അട്ടിമറി ശ്രമം പരാജയപ്പെട്ടതിന്‌ ശേഷം പ്രഡിഡന്റ്‌ മഡൂറോ മെയ്‌ ദിനറാലിയെ അഭിവാദ്യം ചെയ്യുന്നു.

കാരക്കാസ്‌ > അമേരിക്കൻ പിന്തുണയോടെ തീവ്രവലതുപക്ഷ നേതാവ്‌ യുവാൻ ഗൈഡോ നേതൃത്വം നൽകിയ സായുധ അട്ടിമറി ശ്രമത്തെ ചെറുത്തുതോൽപ്പിച്ചതായി വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ. യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടണാണ്‌ അട്ടിമറി ആസൂത്രണം ചെയ്‌തതെന്നും മഡൂറോ പറഞ്ഞു. അട്ടിമറി ശ്രമത്തിന്‌ പിന്നിൽ അമേരിക്കയാണെന്നും അവർക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വലതുപക്ഷ നേതാവായ യുവാൻ ഗൈഡോ ആഹ്വാനം നൽകിയതോടെ വെനസ്വേല ബുധനാഴ്‌ച നാടകീയ രംഗങ്ങൾക്കാണ്‌ സാക്ഷ്യം വഹിച്ചത്‌. മഡൂറോയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണച്ച്‌ തലസ്ഥാന നഗരമായ കാരക്കാസിലെ തെരുവുകളിൽ ജനങ്ങൾ ഒഴുകിയെത്തി. മെയ്‌ ദിനറാലികളിലാകെ തൊഴിലാളികൾ വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള പ്രസിഡന്റ്‌ മഡൂറോയുടെ ശ്രമങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അട്ടിമറി ശ്രമത്തെ സൈന്യവും കണിശതയോടെ നേരിട്ടപ്പോൾ അമേരിക്കൻ തന്ത്രം പാളി. 

അട്ടിമറി ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകുന്ന തീവ്രവലതുപക്ഷത്തിനും അമേരിക്കയ്‌ക്കും വെനസ്വേലൻ ജനതയുടെ മനസ്സറിയില്ല. ഭൂരിപക്ഷം ജനങ്ങളും ഇത്തരം ജനാധിപത്യ ധ്വംസനത്തിന്‌ എതിരാണ്‌. ഇതാണ്‌ ഓരോ അട്ടിമറി ശ്രമത്തെയും പ്രതിരോധിക്കാൻ വെനസ്വേലയ്‌ക്ക്‌ കരുത്ത്‌ നൽകുന്നത്‌. ഒരു സാഹചര്യത്തിലും അവർക്ക്‌ ഞങ്ങളെ തോൽപ്പിക്കാനാകില്ല‐ അദ്ദേഹം പറഞ്ഞു.

വെനസ്വേലയിൽ അമേരിക്ക നടത്തുന്ന അട്ടിമറി ശ്രമങ്ങളെ നിരവധി രാജ്യങ്ങൾ അപലപിച്ചിരുന്നു. അതേസമയം ബുധനാഴ്‌ചത്തെ അട്ടിമറിശ്രമവും പരാജയപ്പെട്ടതിനുശേഷം ‘ആവശ്യമെങ്കിൽ വെനസ്വേലയിൽ സൈനിക ഇടപെടൽ നടത്തുമെന്ന’ ഭീഷണിയുമായി അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ രംഗത്തെത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top