20 March Wednesday

അധിനിവേശത്തെ പ്രതിരോധിക്കും: "ട്രംപ‌് വെനസ്വേലയെ തൊട്ടുകളിക്കേണ്ട' – സംഗീതമേള

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

കറാക്കസ‌് > സഹായം നൽകാനെന്ന പേരിൽ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെ ചെറുക്കാൻ വെനസ്വേലൻ അതിർത്തിയിൽ സംഗീത മേള ആരംഭിച്ചു. " ട്രംപ‌് ഹാൻഡ‌്സ‌് ഓഫ‌് വെനസ്വേല' അഥവാ "ട്രംപ‌് വെനസ്വേലയെ തൊട്ടുകളിക്കേണ്ട' എന്ന പേരിലാണ‌് വെള്ളിയാഴ‌്ച സംഗീത പരിപാടി ആരംഭിച്ചത‌്.

വെനസ്വേലയെയും കൊളമ്പിയയെയും ബന്ധിപ്പിക്കുന്ന സൈമൺ ബൊളിവർ പാലത്തിന്റെ വെനസ്വേലൻ ഭാഗത്തു നടക്കുന്ന പരിപാടി ഞായറാഴ‌്ചവരെ നീളും.  150ൽ അധികം അന്താരാഷ‌്ട്ര കലാകാരന്മാരും വെനസ്വേലൻ സംഗീതജ്ഞരും ഇതിന്റെ ഭാഗമാകും.
വെനസ്വേലയുടെ സമാധാനവും സ്വയംഭരണാവകാശവും ജനാധിപത്യവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ‌് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കവികളും ബുദ്ധിജീവികളും മേളയുടെ ഭാഗമാകും. "യുദ്ധത്തിനില്ല' ‌എന്ന പേരിലും അറിയപ്പെടുന്ന പരിപാടി യുഎസ്‌ സർക്കാരിന്റെ യുദ്ധനയത്തെ എതിർക്കുന്ന ശബ‌്ദങ്ങളുടെ ‌ഏകോപനവുമാകും.  മേള ഔദ്യോഗികമായി പ്രഖ്യാപിച്ച വെനസ്വേലൻ മന്ത്രി ജോർജ‌് റോഡ്രിഗസ‌് കൊ‌ളമ്പിയൻ വെസസ്വേലൻ പൗരന്മാർക്ക‌് ഒരുദിവസത്തെ സൗജന്യ വൈദ്യസഹായവും പ്രഖ്യാപിച്ചു.

കൊളമ്പിയയും വെനസ്വേലയും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താൻ ബൊളിവേറിയൻ സർക്കാർ 20‌,000 പെട്ടി ഭക്ഷണമെത്തിക്കും. സൈമൺ ബൊളിവർ പാലത്തിന്റെ മറുവശത്ത‌് വെനസ്വേലൻ പ്രതിപക്ഷ നേതാവ‌് ജുവാൻ ഗുഅയ‌്ഡോയുടെ ആവശ്യ പ്രകാരം ബ്രിട്ടിഷ് വ്യവസായി റിച്ചാർഡ‌് ബ്രാൻസൺ സംഗീതമേള ആരംഭിച്ചു. യുഎസ‌ിൽനിന്നുള്ള "മാനുഷിക സഹായം' കൈപ്പറ്റണം എന്ന മുദ്രാവാക്യമുയർത്തി കൊളമ്പിയൻ അതിർത്തി നഗരമായ ക്യൂകട്ടയിൽ നടക്കുന്ന "തത്സമയ സഹായം' എന്ന മേളയിൽ 15 സംഗീതജ്ഞർ പങ്കെടുക്കും. വെനസ്വേലയ‌്ക്കുള്ള യുഎസിന്റെ സഹായം രാജ്യത്ത‌് പ്രവേശിക്കാനൊരുങ്ങുന്ന "ട്രോജൻ കുതിര' ആണെന്ന‌് ബൊളീവിയൻ പ്രസിഡന്റ‌് ഇവോ മൊറാൽസ‌് പ്രതികരിച്ചു.  ലാറ്റിനമേരിക്കൻ സഹോദരങ്ങൾ ഇത‌് ചെറുക്കുമെന്നും ബൊളീവിയൻ പ്രസിഡന്റ‌് പറഞ്ഞു. ഇതിനിടെ ഗു അയ‌്ഡോയെ പിന്തുണയ്‌കകുന്നവർ  വെനസ്വേലൻ സൈനിക വാഹനം തട്ടിയെടുത്ത‌് അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേടുകളിലേക്ക‌് ഇടിച്ചുകയറ്റി.  വാഹനത്തിലുണ്ടായിരുന്നവരെ അതിർത്തിക്കപ്പുറം കാത്തുനിന്ന പ്രതിപക്ഷ നേതാക്കൾ സ്വീകരിച്ചു. സംഭവത്തിൽ ഒരു സുരക്ഷാ ജീവനക്കാരനും ചിലിയൻ ഫോട്ടോഗ്രാഫർക്കും പരിക്കേറ്റു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top