23 September Monday

ഉപരോധത്തിനിടയിലും ഭവനപദ്ധതിയിലുറച്ച‌് വെനസ്വേല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

കറാക്കസ‌്> അമേരിക്ക അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും എല്ലാ പൗരന്മാർക്കും വീട‌് ഉറപ്പാക്കുന്ന  പദ്ധതിയിൽ ഉറച്ചുനിൽക്കുമെന്ന‌് വെനസ്വേല. ചരക്കിനും സമ്പത്തിനുമപ്പുറം മനുഷ്യന്റെ അവകാശങ്ങൾക്ക‌് പ്രാധാന്യം നൽകുന്ന ക്രിയാത്മക ഇടപെടലിൽ അഭിമാനിക്കുന്നെന്ന‌് പാർപ്പിടമന്ത്രി ഇഡൽമാരൊ വില്ലറൊയൽ പറഞ്ഞു. അമേരിക്ക തുടരുന്ന അട്ടിമറിശ്രമത്തിനും അനധികൃത ഉപരോധങ്ങൾക്കുമിടയിലും ഗ്രേറ്റ‌് ഹൗസിങ‌് മിഷൻ വെനസ്വേലയിലൂടെ ഇതുവരെ 2,641,110 വീട‌് നിർമിച്ചു. 2025ൽ 50 ലക്ഷം പാർപ്പിടം പൂർത്തീകരിക്കുകയാണ‌് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വീടെന്നത‌് സാമൂഹ്യ അവകാശമാണെന്നും വീടിനെ ചരക്കാക്കി പരിഗണിക്കാത്തതാണ‌് വെനസ്വേലയും സാമ്രാജ്യത്വരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വെനസ്വേലയിൽ നിക്കോളസ‌് മഡൂറോയുടെ നേതൃത്വത്തിലു ള്ള സർക്കാരിനെതിരെ അമേരിക്ക കടുത്ത ഉപരോധ നടപടികൾ തുടരുകയാണ‌്. പ്രതിപക്ഷത്തിന്റെ കലാപ‌ശ്രമത്തിന‌് പണവും ആയുധവും എത്തിക്കുകയും ചെയ്യുന്നു. വെനസ്വേലയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സഖ്യരാജ്യങ്ങൾക്കുമേൽ അമേരിക്ക കടുത്ത സമ്മർദം ചെലുത്തുകയാണ‌്.  കറാക്കസിലെ തങ്ങളുടെ നയതന്ത്രകാര്യാലയം പൂട്ടുകയാണെന്ന‌് ക്യാനഡ പ്രഖ്യാപിച്ചു. വിദേശ എംബസികൾക്ക‌് പ്രവർത്തിക്കാനുള്ള സാഹചര്യം വെനസ്വേലൻ സർക്കാർ തടയുകയാണെന്ന‌് ആരോപിച്ചാണ‌് നടപടി.

പ്രസിഡന്റ‌് നിക്കോളസ‌് മഡൂറോയെ അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ‌് യുവാൻ ഗുഅയ‌്ഡോവിനെ പിന്തുണയ‌്ക്കുന്ന രാജ്യങ്ങളിലൊന്നാണ‌് ക്യാനഡ. എംബസി പൂട്ടുന്നതോടെ വെനസ്വേലയിലെ ക്യാനഡക്കാർക്ക‌് സേവനങ്ങൾക്കായി കൊളംബിയയിൽ എത്തേണ്ടിവരും.


പ്രധാന വാർത്തകൾ
 Top