13 May Thursday

ചരിത്രനേട്ടത്തിൽ 
വനിത ഗുപ്ത ; അസോസിയറ്റ് അറ്റോർണി 
ജനറലായി ഇന്ത്യൻവംശജ

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

image from Vanita Gupta official twitter


വാഷിങ്‌ടൺ
അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറലായി ഇന്ത്യൻവംശജ വനിത ഗുപ്ത. ജോ ബൈഡൻ സർക്കാരിന്റെ നിയമനം യുഎസ് സെനറ്റ് 49നെതിരെ 51 വോട്ടിന്‌ അംഗീകരിച്ചു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ്. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും 50 വീതം അംഗങ്ങളുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ പ്രതിനിധി ലിസ മുർകോവ്സ്കി വനിതയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. വോട്ടുതുല്യമായാൽ വനിതയ്ക്ക് കാസ്‌റ്റിങ്ങ്‌ വോട്ടു ചെയ്യാൻ സെനറ്റ്‌ അധ്യക്ഷയായ വെെസ് പ്രസിഡന്റ് കമല ഹാരിസും എത്തിയിരുന്നു.

ചരിത്രനേട്ടം കെെവരിച്ച വനിതയെ പ്രസിഡന്റ് ബെെഡൻ അഭിനന്ദിച്ചു. യുഎസ് നീതിന്യായവകുപ്പിലെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഒന്നിലെത്തുന്ന ആദ്യ പൗരാവകാശ അഭിഭാഷകയാണിവർ. യുഎസിലേക്ക് കുടിയേറിയ ഇന്ത്യൻ ദമ്പതിമാരുടെ മകളായ വനിത ഗുപ്ത കുടിയേറ്റക്കാരെ കൂട്ടത്തടവിലാക്കലിനെതിരെ വലിയ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. 28–-ാം വയസ്സിൽ എൻ‌എ‌എ‌സി‌പി ലീഗൽ ഡിഫൻസ് ഫണ്ടിൽ ജോലി ചെയ്യവേ ടെക്സസിലെ ടുലിയയിലെ 38 കറുത്ത വംശജരെ വ്യാജ മയക്കുമരുന്ന് കേസിൽ നിന്ന്‌ രക്ഷിച്ചിരുന്നു.

ബറാക്‌ ഒബാമ പ്രസിഡന്റായിരിക്കെ 2014– 2017വരെ അസി. അറ്റോർണി ജനറലായിരുന്നു. ഭർത്താവ് ചിൻ ക്യൂ ലെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ലീഗൽ എയ്ഡ് സൊസൈറ്റിയുടെ ഡയറക്ടറാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top