13 May Thursday

60 രാജ്യങ്ങളിൽ വാക്സിൻ ക്ഷാമം; റഷ്യയുടെയും ചൈനയുടെയും വാക്‌സിന് ഡബ്ലൃുഎച്ച്‌ഒ അനുമതി നൽകിയേക്കും‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

ലണ്ടൻ > ചില ദരിദ്ര രാജ്യങ്ങളടക്കം അറുപതോളം രാജ്യങ്ങളിൽ വാക്‌സിൻ ക്ഷാമം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാൻ ‌ നടപ്പാക്കിയ കോവാക്‌സ്‌ പദ്ധതി തടഞ്ഞതാണ്‌ പ്രതിസന്ധിയിലേക്ക്‌ നയിച്ചത്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലേക്ക്‌ തിങ്കളാഴ്‌ച മുതൽ വാക്സിൻ അയച്ചിട്ടില്ല. ജൂൺ പകുതിവരെ കോവാക്‌സ്‌ പദ്ധതിയിലൂടെ വാക്സിൻ അയക്കാൻ കഴിയില്ല. ഇതു ഈ രാജ്യങ്ങളിൽ വലിയ പ്രതിസന്ധി  സൃഷ്ടിക്കും.

യുണിസെഫിന്റെ കണക്ക്‌പ്രകാരം കഴിഞ്ഞ രണ്ടാഴ്‌ചയിൽ 92 രാജ്യത്തേക്ക്‌ 20 ലക്ഷം ഡോസ്‌ വാക്സിൻ മാത്രമാണ്‌ അയച്ചിട്ടുള്ളത്‌. ഇത്‌ ഇക്കാലത്ത്‌ ബ്രിട്ടനിൽമാത്രം കുത്തിവയ്‌പ്‌ നടത്തിയതിനു തുല്യമാണ്‌. ഈ ഞെട്ടിക്കുന്ന അസന്തുലിതാവസ്ഥയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനം തുറന്നടിച്ചു. സമ്പന്ന രാജ്യങ്ങളിൽ നാലിൽ ഒരാൾക്ക്‌ ലഭിക്കുമ്പോൾ ദരിദ്ര രാജ്യങ്ങളിത്‌ 500ൽ ഒരാൾക്കാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന്‌ വാക്സിൻ ലഭിക്കുന്നില്ലെന്ന്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പരാതി ഉയർന്നതിനെ തുടർന്ന്‌  ഇന്ത്യ കയറ്റുമതി നിർത്തിയിരുന്നു. ഇതാണ്‌ ലോകത്തെ ക്ഷാമത്തിന്‌ കാരണമെന്നാണ്‌ വിലയിരുത്തൽ. എല്ലാവർക്കും വാക്സിൻലഭ്യത ഉറപ്പ്‌ വരുത്താൻ  സമ്പന്ന രാജ്യങ്ങൾ 100 ദിവസത്തിനകം 100 ലക്ഷം വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.

പല രാജ്യത്തും ആദ്യ ഡോസ്‌ നൽകിയവർക്ക്‌ രണ്ടാം ഡോസ്‌ നൽകാൻ വാക്‌സിനില്ലാത്ത സ്ഥിതിയാണ്‌. ഈ സാഹചര്യത്തിൽ റഷ്യയുടെയും ചൈനയുടെയും വാക്‌സിനുകൾ ഉപയോഗിക്കാനാണ്‌ ഡബ്ല്യുഎച്ച്ഒയുടെ നീക്കം.  ഏപ്രിൽ അവസാനത്തോടെ ചൈനീസ്‌ വാക്സിന്‌ അനുമതി നൽകിയേക്കുമെന്ന്‌ ലോകാരോഗ്യ സംഘടന സൂചന നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top