28 November Monday

മിഖായേൽ ഗോർബച്ചേവ്‌ : പാളിയ പരിഷ്കാരത്തിന്റെ ഉടയോൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2022

image credit Mikhail Gorbachev twitter


മോസ്കോ
ശാസ്ത്ര സാങ്കേതികരംഗങ്ങളിലും സാംസ്കാരികരംഗത്തും ഇതരരാജ്യങ്ങളെ വിസ്മയിപ്പിക്കുംവിധം നേട്ടങ്ങൾ കൈവരിച്ച സോവിയറ്റ്‌ യൂണിയന്റെ പതനത്തിനൊപ്പമാണ്‌ ചരിത്രത്തിൽ മിഖായേൽ ഗോർബച്ചേവിന്റെ സ്ഥാനം. ‘സോവിയറ്റ്‌ എന്നൊരു നാടുണ്ടത്രേ, പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’ എന്ന്‌ മലയാളി മാത്രമല്ല, ലോകത്തിന്റെ സമസ്തകോണിലുമുള്ളവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച സോഷ്യലിസ്‌റ്റ്‌ മുന്നേറ്റത്തിന്റെ ആദ്യഘട്ടം.

തൊഴിലില്ലായ്മ തുടച്ചുമാറ്റി. അതിനുശേഷമുണ്ടായ മുരടിപ്പും ജീർണതയും പരിഹരിക്കാൻ യാഥാർഥ്യബോധത്തോടെ ഇടപെടുന്നതിനു പകരം, വേണ്ടത്ര ആലോചനയില്ലാതെ അമേരിക്കൻ സാമ്രാജ്യതാൽപ്പര്യങ്ങൾക്ക്‌ ഫലത്തിൽ വഴങ്ങിക്കൊടുത്തു എന്നതായിരുന്നു ഗോർബച്ചേവിന്റെ പരാജയം.

പാർടി സംവിധാനത്തെയും സമ്പദ്‌വ്യവസ്ഥയെയും പരിഷ്കരിച്ച്‌ സാമ്പത്തികവളർച്ച കൈവരിക്കുക എന്ന വാദത്തോടെയാണ്‌ ഗോർബച്ചേവ്‌ പെരിസ്ട്രോയിക്ക എന്ന നയം അവതരിപ്പിച്ചത്‌. തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ഗ്ലാസ്‌നോസ്‌റ്റും കൊണ്ടുവന്നു. സേവന ഉൽപ്പാദന, വിദേശവ്യാപാര മേഖലകളിൽ സ്വകാര്യ ഉടമസ്ഥാവകാശം അനുവദിച്ചു. ഭരണനേതൃത്വം പ്രസീഡിയം ചെയർമാനിൽ നിന്ന്‌ പ്രസിഡന്റിലേക്ക്‌ മാറ്റി. യുഎസ്‌എസ്‌ആറിന്റെ അന്നത്തെ അവസ്ഥയെപ്പറ്റി സൂക്ഷ്‌മമായ പഠനമോ പാർടിതലത്തിൽ വേണ്ടത്ര കൂടിയാലോചനയോ ഉണ്ടായില്ല.

പരിഷ്കരണങ്ങൾ ആത്യന്തികമായി ശിഥിലീകരണത്തിന്‌ വഴിവച്ചു. ബോറിസ് യെൽസിനും വ്ലാദിമിർ പുടിനുമടങ്ങിയ വലതുപക്ഷ ചേരി ഈയവസരം മുതലാക്കി നേതൃത്വത്തിൽ പിടിമുറുക്കി. സോവിയറ്റ്‌ യൂണിയന്റെ പതനശേഷവും ലോകത്തെ സോഷ്യലിസ്‌റ്റ്‌ ചേരിയെ തളർത്തിയതിൽ ഗോർബച്ചേവ്‌ പശ്ചാത്താപം പ്രകടിപ്പിച്ചില്ല. പതിറ്റാണ്ടുകൾക്കുശേഷം യെൽസിന്റെ നയങ്ങൾ ഒന്നൊന്നായി പരാജയപ്പെടുന്നത്‌ റഷ്യയിൽ കണ്ടു. ഗോർബച്ചേവ്‌ അവസാനിപ്പിച്ചതായി അവകാശപ്പെട്ട ശീതയുദ്ധത്തിന്റെ അലയൊലികൾ ലോകശക്തികൾക്കിടയിൽ ശക്തമായി നിലനിൽക്കുന്നു. ശീതയുദ്ധത്തിന്റെ മറവിൽ സോവിയറ്റ്‌ യൂണിയനെ തകർക്കാൻ പാശ്ചാത്യശക്തികൾ ഉപയോഗിച്ച ഉപകരണം മാത്രമായിരുന്നു ഗോർബച്ചേവ്‌ എന്നത്‌ ഇതിൽനിന്ന്‌ വ്യക്തം.

ലോകത്തെ മാറ്റിമറിച്ച നേതാവ്‌
സോവിയറ്റ്‌ യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവിന്റെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു. ലോകം മാറ്റിമറിച്ച നേതാവായിരുന്നു അദ്ദേഹമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ പറഞ്ഞു. എന്നാൽ, പാശ്ചാത്യ ലോകത്തെപ്പറ്റി അദ്ദേഹത്തിന്‌ വളരെ കാൽപ്പനികമായ ധാരണകളാണ്‌ ഉണ്ടായിരുന്നതെന്ന്‌ ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്കൊവ്‌ അഭിപ്രായപ്പെട്ടു.

വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവായിരുന്നു ഗോർബച്ചേവെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ അനുസ്മരിച്ചു. ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌, ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ ഉൾപ്പെടെയുള്ളവരും അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top