20 September Friday

സൗദിയിൽ യുഎസ‌് സൈനികതാവളം സ്ഥാപിക്കുന്നു: സൗദി ഭരണാധികാരി അംഗീകാരം നൽകി

അനസ് യാസിന്‍Updated: Sunday Jul 21, 2019

മനാമ> ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൗദിയിൽ അമേരിക്ക സൈനികത്താവളം സ്ഥാപിക്കുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇതിന‌് അംഗീകാരം നൽകി. പ്രതിരോധ മേഖലയിലെ സംയുക്ത  സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്താനുമാണ് നടപടിയെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസി റിപ്പോർട്ട്ചെയ്തു.

മേഖലയിൽ വളർന്നുവന്ന ഭീഷണികളിൽനിന്ന‌് അമേരിക്കൻ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ സൗദിയിൽ അമേരിക്കൻ സൈനികരെ വിന്യസിക്കുമെന്ന് പെന്റഗണും അറിയിച്ചു. സൗദിയടക്കം ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഗൾഫ് മേഖലകളിലും അമേരിക്കൻ സൈന്യത്തെ വിന്യസിക്കാൻ കഴിഞ്ഞ മേയിലാണ് പെന്റഗൺ തീരുമാനിച്ചത്.

ഇറാനിൽനിന്ന‌് അയൽരാജ്യങ്ങൾക്കോ  മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്കോ എതിരെ ആക്രമണമോ സൈനികഭീഷണിയോ ഉണ്ടാകുന്നതുതടയാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുക എന്ന പദ്ധതിയാണ് അമേരിക്ക മുന്നോട്ടുവച്ചിരുന്നത്. എണ്ണവിതരണം സുരക്ഷിതമാക്കാനും മേഖലയിലെ സമുദ്രഗതാഗതം തടസ്സപ്പെടാതിരിക്കാനും ഇതാവശ്യമാണെന്നും അമേരിക്ക വ്യക്തമാക്കി. 15 വർഷത്തിനുശേഷമാണ് സൗദിയിൽ വീണ്ടും അമേരിക്കൻ താവളം വരുന്നത്. 1991ൽ കുവൈത്തിനെ ഇറാഖിൽനിന്ന‌് മോചിപ്പിക്കാനുള്ള ഓപ്പറേഷൻ ഡസേർട്ട് സ്‌റ്റോം മുതലാണ് സൗദിയിൽ അമേരിക്ക ക്യാമ്പ് തുടങ്ങിയത്.

എന്നാൽ, 2003ൽ ഇറാഖ് യുദ്ധത്തിൽനിന്ന‌് സൗദി പിന്മാറിയ ശേഷം അമേരിക്കൻ സൈനികത്താവളം സൗദിയിൽ പ്രവർത്തിക്കുന്നില്ല. അൽഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസായിരുന്നു അമേരിക്കൻ താവളം. ദീർഘദൂര പാട്രിയറ്റ് മിസൈലുകൾ, ഇത് പ്രവർത്തിക്കുന്ന 500 സൈനികർ, എഫ് 22 യുദ്ധവിമാനങ്ങൾ എന്നിവയാണ് എയർ ബേസിൽ വിന്യസിക്കുക. പാട്രിയറ്റ് മിസൈലുകൾ ഇവിടെ എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യുദ്ധവിമാനങ്ങൾ വരും ദിവസങ്ങളിൽ എത്തും. 12 മധ്യപൂർവേഷ്യൻ രാജ്യങ്ങളിലായി അമേരിക്കയ‌്ക്ക് 54,000 സൈനികർ ഉണ്ട്. ഏഴ് രാജ്യങ്ങളിൽ സൈനിക ക്യാമ്പുമുണ്ട്.


പ്രധാന വാർത്തകൾ
 Top