13 November Wednesday

സൗദിയിലേക്ക്‌ 3000 യുഎസ്‌ സൈനികർകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

വാഷിങ്‌ടൺ/തെഹ്‌റാൻ > ഇറാനെതിരെ ഭീഷണി മുഴക്കി അമേരിക്ക സൗദി അറേബ്യയിലേക്ക്‌ 3000 സെനികരെക്കൂടി അയക്കുന്നു. കൂടുതൽ പടക്കോപ്പുകളും അയക്കുമെന്ന്‌ ഇറാനുമായി അമേരിക്കയുടെ ചർച്ചയ്‌ക്കുള്ള പ്രത്യേക പ്രതിനിധി ബ്രയാൻ ഹുക്‌ പറഞ്ഞു. അതേസമയം ചെങ്കടലിൽ സൗദി അറേബ്യൻ തീരപരിധിയിൽ വെള്ളിയാഴ്‌ച തങ്ങളുടെ എണ്ണ ടാങ്കറിന്‌ നേരെയുണ്ടായ ആക്രമണത്തിന്‌ തിരിച്ചടി നൽകുമെന്ന്‌ ഇറാൻ വ്യക്തമാക്കി.

നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ സാബിത്തി എന്ന എണ്ണക്കപ്പലിനുനേരെ വെള്ളിയാഴ്‌ച പുലർച്ചെയാണ്‌ രണ്ടുവട്ടം മിസൈൽ ആക്രമണമുണ്ടായത്‌. ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. കപ്പലിന്റെ പള്ളയിൽ മിസൈലുകളേറ്റ്‌ അറയിൽനിന്ന്‌ എണ്ണ ചോർന്ന്‌ കടലിൽ പരന്നിരുന്നു. ആക്രമണത്തിനുപിന്നിൽ ആരായിരുന്നുവെന്നതിന്‌ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന്‌ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാസഭയുടെ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു.

ജിദ്ദ തുറമുഖത്തിന്‌ 100 കിലോമീറ്റർ അകലെയുണ്ടായ ആക്രമണം സൗദി മണ്ണിൽനിന്നാണെന്ന റിപ്പോർട്ടുകൾ ടാങ്കർ കമ്പനി നിഷേധിച്ചിരുന്നു. ആക്രമണത്തിന്‌ ആനുപാതികമായ തിരിച്ചടി നൽകുമെന്ന്‌ ഇറാൻ സർക്കാർ വക്താവ്‌ അലി റബിയിയും മുന്നറിയിപ്പ്‌ നൽകി. പേർഷ്യൻ ഗൾഫിലെ സമുദ്രഗതാഗതം ഇറാൻ തടസ്സപ്പെടുത്തുന്നു എന്നും സൗദി ആരംകോയിൽ കഴിഞ്ഞമാസം ഉണ്ടായ ആക്രമണം ഇറാൻ നടത്തിയതാണെന്നും തെളിവില്ലാതെ ആരോപിക്കുന്നവർ വെള്ളിയാഴ്‌ചയുണ്ടായ ആക്രമണത്തെ അപലപിച്ചിട്ടില്ല എന്ന്‌ ഇറാൻ വക്താവ്‌ ചൂണ്ടിക്കാട്ടി.

സെപ്‌തംബർ 14ന്‌ ആരംകോയുടെ രണ്ട്‌ കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യമനിൽ സൗദി സഖ്യത്തിന്റെ ആക്രമണം നേരിടുന്ന ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന്റെയും വെള്ളിയാഴ്‌ച ഇറാനിയൻ ടാങ്കറിന്‌ നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌ കൂടുതൽ സൈനികരെ അയക്കുന്നത്‌. മെയ്‌ മുതൽ മേഖലയിലെ അമേരിക്കൻ സേനാ സഖ്യം സെന്റകോമിലേക്ക്‌ 14000 സൈനികരെ കൂടുതലായി അയച്ചിട്ടുണ്ടെന്ന്‌ ബ്രയാൻ ഹുക്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top