04 December Friday

ട്രംപിന്‌ പിടിവള്ളി ; അമേരിക്കയിൽ 33 ശതമാനം ജിഡിപി വർധന

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


വാഷിങ്‌ടൺ > അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മൂന്ന്‌ ദിവസംമാത്രം അവശേഷിക്കെ സർവേകളിൽ പിന്നിലായ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ പിടിവള്ളി. ഈവർഷം മൂന്നാം പാദത്തിൽ(ജൂലൈ–-സെപ്‌തംബർ) അമേരിക്കൻ സമ്പദ്‌വ്യവസ്ഥ 33.1 ശതമാനം വളർന്നു എന്ന്‌ ട്രംപ്‌ സർക്കാരിന്റെ വാണിജ്യവകുപ്പിന്‌ കീഴിലെ സാമ്പത്തിക അവലോകന ബ്യൂറോ പുറത്തുവിട്ട കണക്കിൽ പറയുന്നു. രണ്ടാം പാദത്തിൽ 31.4 ശതമാനം ഇടിഞ്ഞിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയാണിത്‌ എന്നവകാശപ്പെട്ട ട്രംപ്‌ അടുത്തവർഷം ഗംഭീരമായിരിക്കും എന്നും ട്വീറ്റ്‌ ചെയ്‌തു.

എന്നാൽ, സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച്‌ മൂന്ന്‌ വസ്‌തുത വ്യക്തമാക്കുന്നതാണ്‌ റിപ്പോർട്ട്‌ എന്ന്‌ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു. അമേരിക്ക അഗാധ ഗർത്തത്തിലാണെന്നതും ട്രംപ്‌ നടപടിയെടുക്കാഞ്ഞതിനാൽ പുറത്തുകടക്കാൻ സഹായകമായ വർധനയില്ല എന്നതുമാണ്‌ ഒരുകാര്യം. തിരിച്ചുവരവ്‌ സ്‌തംഭിക്കുന്നില്ലെങ്കിലും വളരെ സാവധാനമാണ്‌. ഉന്നതങ്ങളിലുള്ളവരെ മാത്രമാണ്‌ ഇത്‌ സഹായിക്കുന്നത്‌. കോടിക്കണക്കിന്‌ തൊഴിലാളി കുടുംബങ്ങളെയും ചെറുകിട സംരംഭകരെയും പിന്തള്ളി. മഹാമാരി ഏറ്റവും ദോഷകരമായി ബാധിച്ചവർക്ക്‌ ആശ്വാസം ലഭ്യമാക്കാൻ കോൺഗ്രസ്‌ വിളിച്ചുചേർക്കാൻപോലും  കഴിയാത്ത വൈറ്റ്‌ഹൗസ്‌ കോവിഡ്‌ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിൽനിന്ന്‌ പിന്മാറ്റം സമ്മതിച്ചിരിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.

ഇത്‌ ശരിവയ്‌ക്കുന്നതാണ്‌ വ്യവസായരംഗത്ത്‌ നിന്നുള്ള റിപ്പോർട്ട്‌. അമേരിക്കയിലെ 1900 തൊഴിലാളികളെ കുറയ്‌ക്കാൻ ഉദ്ദേശിക്കുന്നതായി ആഗോള എണ്ണഭീമനായ എക്സൺ മോബിൽ അറിയിച്ചു. പ്രധാനമായും ഹൂസ്‌റ്റണിലാണ്‌ ജീവനക്കാരെ കുറയ്‌ക്കുക. അന്താരാഷ്‌ട്രതലത്തിൽ അടുത്തവർഷം 15 ശതമാനം ജീവനക്കാരെ കുറച്ചേക്കും. നേരത്തേ യൂറോപ്പിൽ 1600 പേരെ ഒഴിവാക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.

ഇതേസമയം, അമേരിക്കയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം ചുടുപിടിച്ചു. ഇരുപാർടിയും അവസാന റാലികൾ നടത്തുന്ന തിരക്കിലാണ്‌. ട്രംപ്‌ പതിവുപോലെ മാസ്‌കും സാമൂഹ്യഅകലവും നിർബന്ധമാക്കാതെയാണ്‌ വൻ റാലികൾ സംഘടിപ്പിക്കുന്നത്‌. ബൈഡന്റെ റാലികൾക്ക്‌ വരുന്നവർ വാഹനത്തിലിരുന്ന്‌ പ്രസംഗം കേട്ടാൽ മതി. ട്രംപിന്റെ പരിപാടികൾ കോവിഡിന്റെ അതിവ്യാപനമുണ്ടാക്കുന്നവയാണെന്ന്‌ ബൈഡൻ പറഞ്ഞു.

അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2.35 ലക്ഷം കടന്നു. ഇപ്പോഴും പ്രതിദിന മരണസംഖ്യ ആയിരത്തിന് മുകളിൽ തുടരുന്നത്‌ അമേരിക്കയിൽ മാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top