28 May Thursday

ജയിക്കാൻ വേണ്ടത്‌ 1991: ബൈഡൻ 433, സാൻഡേഴ്‌സ്‌ 388

വെബ് ഡെസ്‌ക്‌Updated: Friday Mar 6, 2020

വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിത്വത്തിനുള്ള മത്സരത്തിലെ ഏറ്റവും പ്രധാന ദിനമായ ‘സൂപ്പർ ചൊവ്വ’യുടെ ഫലം പൂർണമായും അറിവായിട്ടില്ല. പ്രൈമറി നടന്ന 14 സംസ്ഥാനങ്ങളിൽ 10 എണ്ണം മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനും നാലെണ്ണം വെർമണ്ടിൽനിന്നുള്ള സെനറ്റർ ബേണി സാൻഡേഴ്‌സും നേടി. എന്നാൽ, ഇവിടങ്ങളിൽനിന്ന്‌ ഇരുവർക്കും സ്ഥാനാർഥിയെ തീരുമാനിക്കുന്ന ദേശീയ കൺവൻഷനിലേക്ക്‌ എത്ര പ്രതിനിധികളെ കിട്ടും എന്നതിന്‌ അവസാന രൂപമായിട്ടില്ല. കുറഞ്ഞത്‌ 1991 പ്രതിനിധികളുടെ പിന്തുണയാണ്‌ സ്ഥാനാർഥിത്വത്തിന്‌ വേണ്ടത്‌.

ദേശീയ കൺവൻഷനിൽ പങ്കെടുക്കേണ്ട 3979 പ്രതിനിധികളിൽ മൂന്നിലൊന്നിലധികം വരുന്ന 1338 പേർ സൂപ്പർ ചൊവ്വാഴ്‌ച നടന്ന പ്രൈമറികളിലാണ്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ഇതിൽ തീരുമാനമായ പ്രതിനിധികളിൽ 380 പേരെ ബൈഡനും 328 പേരെ സാൻഡേഴ്‌സിനും ലഭിച്ചിട്ടുണ്ട്‌. 749 പേരുടെ കാര്യത്തിൽ തീരുമാനം അറിവായിട്ടില്ല. ബൈഡന്‌ മൊത്തം 433 പ്രതിനിധികളും സാൻഡേഴ്‌സിന്‌ 388 പ്രതിനിധികളുമായി.
മാധ്യമ കുത്തകയായ ശതകോടീശ്വരൻ മൈക്കേൽ ബ്ലുംബെർഗ്‌ സൂപ്പർ ചൊവ്വ ഫലം അറിഞ്ഞുതുടങ്ങിയതോടെ പിൻവാങ്ങി ബൈഡന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

50 കോടി ഡോളർ സ്വന്തം സമ്പാദ്യത്തിൽനിന്ന്‌ ചെലവഴിച്ച ബ്ലൂംബെർഗിന്‌ മൊത്തം 12 പ്രതിനിധികളെയാണ്‌ ലഭിച്ചത്‌. എലിസബത്ത്‌ വാറൻ, തുൾസി ഗബ്ബാർഡ്‌ എന്നീ വനിതാ നേതാക്കളും ഡെമോക്രാറ്റിക്‌ സ്ഥാനാർഥിത്വത്തിന്‌ രംഗത്തുണ്ടെങ്കിലും ബൈഡനോ സാൻഡേഴ്‌സോ ആയിരിക്കും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ എതിരാളി എന്ന്‌ വ്യക്തമായിട്ടുണ്ട്‌. എലിസബത്ത്‌ വാറന്‌ 36 പ്രതിനിധികളും തുൾസി ഗബ്ബാർഡിന്‌ ഒരാളുമാണ്‌ ഇപ്പോഴുള്ളത്‌.

ബൈഡനായിരിക്കും എതിർസ്ഥാനാർഥി എന്ന കണക്കുകൂട്ടലിൽ ട്രംപ്‌ പ്രചാരണം തുടങ്ങിയിട്ടുണ്ട്‌. സൂപ്പർ ചൊവ്വയിലെ മികച്ച പ്രകടനത്തിന്‌ ട്രംപ്‌ ബൈഡനെ അഭിനന്ദിച്ചു. പ്രതിനിധികൾ കൂടുതലുള്ള കലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിലെ മുൻതൂക്കമാണ്‌ സാൻഡേഴ്‌സിന്റെ കരുത്ത്‌.


പ്രധാന വാർത്തകൾ
 Top