16 October Saturday

കലാപഭീതിയിൽ അമേരിക്ക ; എരിതീയിൽ എണ്ണയൊഴിച്ച്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020

വാഷിങ്‌ടൺ/ന്യൂയോർക്‌
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ്‌ സംഘർഷങ്ങൾക്കും കലാപങ്ങൾക്കും ഇടയാക്കിയേക്കുമെന്ന ഭീതിയിലാണ്‌ അമേരിക്കക്കാർ. പോളിങ്‌ സമാപിക്കുന്നതോടെ ചൊവ്വാഴ്‌ച രാത്രി (ഇന്ത്യൻ സമയം ബുധനാഴ്‌ച പകൽ) തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിൽ ഒത്തുചേരാൻ രണ്ട്‌ പ്രധാന പാർടികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആഹ്വാനം ചെയ്‌തിരിക്കെ വൈറ്റ്‌ഹൗസ്‌ അടക്കമുള്ള മന്ദിരങ്ങൾക്ക്‌ സുരക്ഷ ശക്തമാക്കി.  ന്യൂയോർക്ക്‌, ലൊസ്‌ ആഞ്ചലസ്‌, ഷിക്കാഗോ, ബോസ്റ്റൺ, ഹൂസ്റ്റൺ, സാൻഫ്രാൻസിസ്‌കോ തുടങ്ങിയ മറ്റ്‌ നഗരങ്ങളും ഭീതിയിലാണ്‌.

ഇതിനിടെ പതിവുപോലെ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രസ്‌താവനയുമായി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രംഗത്തെത്തി. പെൻസിൽവാനിയയിലെ ബാലറ്റുകൾ എണ്ണാൻ പോളിങ്‌ കഴിഞ്ഞ്‌ മൂന്നു ദിവസംകൂടി എടുക്കാമെന്ന സുപ്രീംകോടതി വിധി അക്രമങ്ങൾക്ക്‌ പ്രേരിപ്പിക്കുന്നതാണ്‌ എന്നാണ്‌ ട്രംപ്‌ തിങ്കളാഴ്‌ച ട്വീറ്റ്‌ ചെയ്‌തത്‌. പരാജയഭീതി തുടങ്ങിയതുമുതൽ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടാകും എന്ന്‌ മാസങ്ങളായി ട്രംപ്‌ പറയുന്നുണ്ട്‌. ഇത്‌ റിപ്പബ്ലിക്കന്മാരെ അക്രമത്തിന്‌ പ്രേരിപ്പിക്കുന്നതാണെന്നും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു പ്രസിഡന്റ്‌ ഇത്ര നിരുത്തരവാദപരമായി പ്രസ്‌താവനകൾ നടത്തുന്നതെന്നും ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തിയിട്ടുണ്ട്‌.

വൈറ്റ്‌ഹൗസിനെ അക്രമങ്ങളിൽനിന്ന്‌ രക്ഷിക്കാൻ ആർക്കും കയറാനാകാത്ത താൽക്കാലിക മതിൽ ചുറ്റും തീർത്തിട്ടുണ്ട്‌. സീക്രട്ട്‌ സർവീസ്‌ ഏജന്റുമാരുടെ എണ്ണവും വർധിപ്പിച്ചു. വിവിധ സർക്കാർ സംവിധാനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്‌. രാജ്യമെങ്ങും നാഷണൽ ഗാർഡ്‌സ്‌ സേനയുടെ സാന്നിധ്യം വർധിപ്പിച്ചു.

പല നഗരങ്ങളിലും സ്ഥാപനങ്ങളെ അക്രമങ്ങളിൽനിന്ന്‌ രക്ഷിക്കാൻ  ഉടമകൾ നടപടികളെടുത്തിട്ടുണ്ട്‌. കൊള്ളയും അക്രമങ്ങളിൽ നാശനഷ്ടങ്ങളും തടയാൻ കടകളുടെയും സ്ഥാപനങ്ങളുടെയും ജനാലകൾക്കും ചില്ലുവാതിലുകൾക്കും പ്ലൈവുഡും തകരവും തടിയും മറ്റും ഉപയോഗിച്ച്‌ മറകൾ തീർത്തിരിക്കുകയാണ്‌. ജോർജ്‌ ഫ്ലോയ്‌ഡിന്റെ വധവും അതിനെതിരെ രാജ്യത്തുണ്ടായ പ്രതിഷേധവും അടിച്ചമർത്താൻ ട്രംപ്‌ സർക്കാർ സ്വീകരിച്ച നടപടി ജൂണിൽ വലിയ അക്രമങ്ങൾക്ക്‌ ഇടയാക്കിയിരുന്നു. 100 കോടി ഡോളറിന്റെ നാശനഷ്ടമാണ്‌ അന്ന്‌ ചില്ലറവിൽപ്പനക്കാർക്കും മറ്റും ഉണ്ടായത്‌ എന്നാണ്‌ ഇൻഷുറൻസ്‌ ഇൻഫർമേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവലോകനം ഉദ്ധരിച്ച്‌ വാഷിങ്‌ടൺ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. അന്ന്‌ കുറഞ്ഞത്‌ 25 പേരെങ്കിലും പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ കൊല്ലപ്പെട്ടതായും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.അക്രമങ്ങൾ പരമാവധി ഒഴിവാക്കാൻ വാൾമാർട്ട്‌ അവരുടെ കടകളിൽനിന്ന്‌ തോക്കുകളും വെടിക്കോപ്പുകളും കഴിഞ്ഞ ആഴ്‌ച നീക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top