18 November Monday

യെമനിൽ അമേരിക്കന്‍ സൈനിക ഡ്രോണ്‍ വെടിവെച്ചിട്ടു

അനസ് യാസിന്‍Updated: Thursday Aug 22, 2019

മനാമ > അമേരിക്കന്‍ സൈനിക ഡ്രോണ്‍ യെമനില്‍ ഹൂതി മിലീഷ്യ വെടിവെച്ചിട്ടു. യെമന്‍ തലസ്ഥാനമായ സനാക്ക് തെക്ക് കിഴക്കായി ദാമര്‍ ഗവര്‍ണറേറ്റിലാണ് അമേരിക്കയുടെ എംക്യു 9 റീപെര്‍ ഡ്രോണ്‍ വെടിയേറ്റ് തകര്‍ന്നത്.
സംഭവം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.  ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഇറാന്‍ പിന്‍തുണയുള്ള ഹൂതികള്‍ ഡ്രോണ്‍ തകര്‍ത്തതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. അമേരിക്കയുടെ ഡ്രോണ്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി ബുധനാഴ്ച ഹുതി സൈനിക വക്താവിനെ ഉദ്ധരിച്ച് അല്‍ മാസിറ ടിവി അറിയിച്ചു.
യെമനിലെ അല്‍ ഖ്വായ്ദ ബ്രാഞ്ചായ എക്യുഎപിക്കെതിരെ അമേരിക്ക ഡ്രോണ്‍ ആക്രമണവും വ്യോമാക്രമണവും നടത്താറുണ്ട്. വന്‍തോതില്‍ പടക്കോപ്പുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് കില്ലര്‍ ഹണ്ടര്‍ എന്നു വിശേഷിപ്പിക്കുന്ന എംക്യു 9 റീപെര്‍. ഇത് രണ്ടാം തവണയാണ് യെമനില്‍ അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചിടുന്നത്. ജൂണില്‍ ഇറാന്‍ പിന്‍തുണയോടെ ഹൂതികള്‍ എംക്യു9 ഡ്രോണ്‍ വെടിവെച്ചു തകര്‍ത്തതായി അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ആരോപണം ഇറാന്‍ തള്ളിയ ഇറാന്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. ജൂണ്‍ 20ന് വ്യേമാതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണായ ആര്‍ക്യു 4എ റോര്‍മുസ് കടലിടുക്കിന് മുകളില്‍ ഇറാന്‍ വെടിവെച്ചിടുകയും ചെയ്തു.
അതിനിടെ, ഹൂതി ആയുധ സംഭരണ കേന്ദ്രങ്ങളായ ഏതാനും ഗുഹകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. മിലീഷ്യകള്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍, പടക്കോപ്പുകള്‍ എന്നിവര സൂക്ഷിച്ച ഗുഹകള്‍ക്കുനേരെ കഴിഞ്ഞ ദിവസം  രാത്രി 10:56 നാണ് സഖ്യസേന ആക്രമണം നടത്തിയത്. സനായിലെ അല്‍അമദ് ക്യാമ്പിലും ഫജ് അതാനിലുമാണ് ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹൂതികളുടെ ആയുധ ശേഷി നശിപ്പിക്കുന്നതിന് ശക്തമായ ആക്രമണങ്ങള്‍ തുടരുമെന്നും കേണല്‍ തുര്‍ക്കി പറഞ്ഞു. 

 


പ്രധാന വാർത്തകൾ
 Top