വാഷിങ്ടൺ
നെവാഡയിൽ ജയിച്ചതോടെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ സെനറ്റിൽ മേൽക്കൈ നേടി ഡെമോക്രാറ്റിക് പാർടി. 100 അംഗ സെനറ്റിൽ 35 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ ഡെമോക്രാറ്റുകൾക്ക് 50 സീറ്റും റിപ്പബ്ലിക്കൻമാർക്ക് 49 സീറ്റുമാണുള്ളത്.
ജോർജിയയിൽ ഇരുസ്ഥാനാർഥിക്കും 50 ശതമാനം വോട്ട് കിട്ടാത്തതിനാൽ ഡിസംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ജോർജിയയിലും ഡെമോക്രാറ്റുകൾക്കാണ് വിജയസാധ്യത. സെനറ്റിൽ തുല്യനിലയിൽ വന്നാലും സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിലൂടെ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ നേടാം.
നെവാഡയിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കാതറിന് കോര്‍ട്ടസ് മസ്റ്റൊ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആഡം ലക്സല്ട്ടിനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അരിസോനയിലും ഡെമോക്രാറ്റുകൾ ജയിച്ചു. സെനറ്റിൽ നേടിയ മേൽക്കൈ ഡെമോക്രാറ്റിക് നേതാവുകൂടിയായ പ്രസിഡന്റ് ബൈഡന് ആശ്വാസകരമാണ്. എന്നാൽ, യുഎസ് പ്രതിനിധിസഭയിൽ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് ലഭിച്ചേക്കും. ഡെമോക്രാറ്റിക് പാര്‍ടിക്ക് 203 സീറ്റ് ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ടി 211 സീറ്റ് നേടി.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി മലയാളി
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി മലയാളിക്ക് വിജയം. പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയായ കെ പി ജോർജാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ 52 ശതമാനം വോട്ടിന് പരാജയപ്പെടുത്തിയാണ് 57കാരനായ ജോർജ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വിജയിച്ചത്. ഇത് രണ്ടാം തവണയാണ് ജോർജ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫോർട്ട്ബെൻഡ് സ്കൂൾ അധ്യാപികയായ ഷീബയാണ് ഭാര്യ. രോഹിത്, ഹെലൻമേരി, സ്നേഹ എന്നിവരാണ് മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..