Deshabhimani

രാജ്യാതിർത്തി പൂർണ്ണമായും അടയ്ക്കും; വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപനവുമായി ട്രംപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 03:22 PM | 0 min read

അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സുവര്‍ണകാലഘട്ടമാണ് വരാന്‍പോകുന്നതെന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ അത് അവസരമൊരുക്കുമെന്നും അവകാശപ്പെട്ടു. പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍. അമേരിക്കയ്ക്കുള്ളത് ചൈനയ്ക്കില്ല. ഏറ്റവും മഹത്തുക്കളായ ജനങ്ങളാണ് അമേരിക്കയ്ക്കുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആ ഒരു കാര്യത്തിനായാണ് ദൈവം എന്റെ ജീവനെടുക്കാതിരുന്നത്. നമ്മുടെ രാജ്യത്തെ സേവിക്കുക, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നതാണ് ആ കാര്യം. ഒരുമിച്ച് ആ ദൗത്യം പൂര്‍ത്തീകരിക്കും. , ട്രംപ് ജനങ്ങൾക്ക് മുൻപാകെ അവകാശപ്പെട്ടു.

വിജയാഹ്ളാദത്തിനിടെ വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിനു നേര്‍ക്ക് ട്രംപ് പ്രശംസ ചൊരിഞ്ഞു.നമുക്ക് ഒരു പുതിയ താരമുണ്ട്, ഇലോണ്‍ മസ്‌ക്. ഒരു താരം ജനിച്ചിരിക്കുന്നു. അദ്ദേഹം പ്രത്യേകതയുള്ള വ്യക്തിയാണ്. പ്രതിഭയാണ്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്, മസ്‌കിനെ ലക്ഷ്യമാക്കി ട്രംപ് പറഞ്ഞു. സാമാന്യയുക്തിയുടെ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോപ്പുലർ വോട്ടുകളും സ്വന്തമാക്കി

അമേരിക്കയുടെ 47-ാം പ്രസിഡന്റ് എന്ന പദവിയിലേക്കാണ് ഡോണൾഡ് ട്രംപ് ജേതാവായി എത്തുന്നത്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. ഇതിന് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് മുന്നേറിയത്. സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയത് അധികാര ശക്തി വർധിപ്പിക്കും. സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കയാണ്. പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരം ഇതോടെ ലഭിക്കും.

68,760,238 (51.2%) പോപ്പുലര്‍ വോട്ടുകളാണ് ഇതുവരെ വന്ന ഫലങ്ങള്‍ പ്രകാരം ട്രംപ് സ്വന്തമാക്കിയത്. ഇതോടൊപ്പം 267 ഇലക്ടറല്‍ കോളേജ് വോട്ടുകളുമാണ് ട്രംപ് നേടിയിരിക്കുന്നത്. 2016 ൽ ആകെ പോള്‍ ചെയ്യപ്പെട്ട പോപ്പുലർ വോട്ടുകളുടെ 46.1% ആയിരുന്നു ലഭിച്ചിരുന്നത്.   എന്നാൽ അന്ന് ഹിലാരി 48.2% വോട്ടുകളാണ് സ്വന്തമാക്കിയത്.

എതിര്‍സ്ഥാനാര്‍ഥി കമല ഹാരിസിന് 63,707,810 (47.4%) പോപ്പുലര്‍ വോട്ടുകളും ലഭിച്ചു. 224 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് കമലയ്ക്ക് ഇതുവരെയുള്ളത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്. ഔദ്യോഗികമായി ഫലം പുറത്തെത്തിയിട്ടില്ലെങ്കിലും സ്വിങ് സ്‌റ്റേറ്റുകളായ പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങള്‍കൂടി ഒപ്പംനിന്നതോടെ ട്രംപ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

2016-ല്‍ 232-നെതിരെ 306 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയത്. പിന്നീട് ഇത് 304-227 എന്ന നിലയിലായി.



deshabhimani section

Related News

View More
0 comments
Sort by

Home