22 September Tuesday

യുഎസ്‌ കോൺസുലേറ്റ്‌ പൂട്ടണമെന്ന്‌ ചൈന; ചൈനയ്‌ക്കെതിരെ സഖ്യം വേണമെന്ന്‌ യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


ബീജിങ്‌
ചെങ്‌ദുവിലെ കോൺസുലേറ്റ്‌ പൂട്ടാൻ ചൈന അമേരിക്കയോട്‌ ആവശ്യപ്പെട്ടു. ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ പൂട്ടാൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിന്‌ തിരിച്ചടിയാണിത്‌. തിബത്ത്‌ അടക്കം വിശാലമായ മേഖലയിലെ താൽപ്പര്യങ്ങൾ അമേരിക്ക നിറവേറ്റിവന്നത്‌ സുപ്രധാനമായ ചെങ്‌ദു കോൺസുലേറ്റ്‌ വഴിയാണ്‌. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ 1985ലാണ്‌ ഇത്‌ തുറന്നത്‌.

കോൺസുലേറ്റ്‌ തുറക്കാൻ നൽകിയ അംഗീകാരം പിൻവലിച്ചതായി അമേരിക്കൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്ന്‌ വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങളും അന്താരാഷ്‌ട്ര ബന്ധങ്ങളിലെ അടിസ്ഥാന ചട്ടങ്ങളും ഗുരുതരമായി ലംഘിക്കുന്നതായിരുന്നു അമേരിക്കയുടെ ഏകപക്ഷീയമായ പ്രകോപനം.

ചൈന–- യുഎസ്‌ ബന്ധങ്ങൾക്ക്‌ വലിയ ദോഷം ചെയ്‌ത ആ നടപടികൾക്കുള്ള പ്രതികരണമാണ്‌ ചൈനയുടേത്‌. ഇത്‌ തങ്ങൾ ആഗ്രഹിച്ചതല്ലെന്നും അമേരിക്കയാണ്‌ ഉത്തരവാദിയെന്നും വ്യക്തമാക്കിയ ചൈന, തെറ്റായ തീരുമാനങ്ങൾ തിരുത്താൻ വീണ്ടും അമേരിക്കയോട്‌ ആവശ്യപ്പെട്ടു.

ഇതിനിടെ, അമേരിക്കയിലുള്ള നാല്‌ ചൈനീസ്‌ ഗവേഷകർക്കെതിരെ യുഎസ്‌ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. അവർ അമേരിക്കയിൽ ഗവേഷണം നടത്തുന്നത്‌ ചൈനയുടെ സേനയിലെ അംഗങ്ങളാണെന്നത്‌ മറച്ചുവച്ച്‌ വിസാ തട്ടിപ്പ്‌ നടത്തിയാണെന്ന്‌ നീതിന്യായ വകുപ്പ്‌ ആരോപിച്ചു. ഇവരിൽ മൂന്നുപേരെ അറസ്റ്റുചെയ്‌തു. ഒരാൾ സാൻഫ്രാൻസിസ്‌കോയിലെ ചൈനീസ്‌ കോൺസുലേറ്റിലാണ്‌. 10 വർഷം വരെ തടവും രണ്ടരലക്ഷം ഡോളർ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌.
 

ചൈനയ്‌ക്കെതിരെ സഖ്യം വേണമെന്ന്‌ യുഎസ്‌
ചൈനയ്‌ക്കെതിരെ ‘ജനാധിപത്യങ്ങളുടെ’ സഖ്യം വേണമെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ പറഞ്ഞു. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുമായി ഇടപെടുന്നതിന്‌ പുതിയ ചട്ടങ്ങൾ വേണമെന്നും എല്ലാ രാജ്യവും അവയിൽ ഉറച്ചുനിൽക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.

സോവിയറ്റ്‌ യൂണിയൻ ‘സ്വതന്ത്ര’ലോകത്തിന്‌ പുറത്തായിരുന്നു. എന്നാൽ, ചൈന നമ്മുടെ അതിർത്തിക്കകത്താണ്‌–- കമ്യൂണിസ്റ്റ്‌ ചൈനയും ‘സ്വതന്ത്ര’ ലോകത്തിന്റെ ഭാവിയും എന്ന പ്രഭാഷണത്തിൽ പോംപിയോ പറഞ്ഞു. പോംപിയോയുടെ പ്രസംഗം ചൈന ഗൗരവമായി എടുക്കില്ലെന്നും അത്‌ ഒരു മുടന്തൻ താറാവിന്റെ അവസാന നിലവിളിയാണെന്നും ബീജിങ്ങിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഇന്റർനാഷണൽ റിലേഷൻസിലെ പ്രൊഫസർ ചു യിൻ പറഞ്ഞു. ആ വലിയ രാജ്യത്തിന്റെ നിലയ്‌ക്കൊത്ത ഏതെങ്കിലും അമേരിക്കൻ നേതാക്കളുമായി ചർച്ച ചെയ്യാനാണ്‌ ചൈനയ്‌ക്ക്‌ താൽപര്യം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top