വാഷിങ്ടണ്‍/ ബീജിങ്
അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറന്ന ചൈനീസ് നിര്‍മിത സ്വകാര്യ"ആളില്ലാ ബലൂണ്‍ വാഹനം' മിസൈൽ ആക്രമണത്തില്‍ അമേരിക്ക തകര്‍ത്തു. യുഎസ് വ്യോമാതിര്‍ത്തിയില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചൈന തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുനൽകി. മൂന്ന് ബസിന്റെ വലുപ്പമുള്ളതാണ് ബലൂൺ വാഹനം. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശതെറ്റി യുഎസ് വ്യോമപരിധിയിൽ എത്തിയെന്നാണ് ചൈനയുടെ നിലപാട്.
സൗത്ത് കരോലിന തീരത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് ബലൂണ്‍ അവശിഷ്ടം പതിച്ചത്. ആളപായമോ മറ്റു നാശനഷ്ടമോ ഉണ്ടായിട്ടില്ല. പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം വെർജീനിയയിലെ ലാംഗ്‌ലി വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനം ബലൂണ്‍ ലക്ഷ്യമാക്കി മിസൈല്‍ തൊടുക്കുകയായിരുന്നു. 11 കിലോമീറ്ററിലായി സമുദ്രോപരിതലത്തില്‍ പരന്നുകിടക്കുന്ന ബലൂണിന്റെ അവശിഷ്ടങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഇവ പ്രത്യേകമായി ലാബില്‍ പരിശോധിക്കുമെന്നും യുഎസ് സൈനികവക്താവ് അറിയിച്ചു.
ചൈനയില്‍നിന്നുള്ള സ്വകാര്യആളില്ലാ ആകാശയാത്രാ ബലൂണിനെതിരായ ബലപ്രയോഗം അമിത പ്രതികരണമായി പോയെന്നും അന്താരാഷ്ട്ര നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടതോടെ വേണ്ട തുടര്‍നടപടി കൈക്കൊള്ളാൻ ചൈനയ്ക്ക് അവകാശമുണ്ടെന്നും ചൈനീസ് വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് "സിന്‍ഹുവ' റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വാഹനമാണെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയിട്ടുപോലും ബലപ്രയോഗത്തിന് യുഎസ് സൈന്യം നിര്‍ബന്ധം പിടിച്ചെന്നും കുറ്റപ്പെടുത്തി. ലാറ്റിനമേരിക്കന്‍ തീരത്തും സമാനമായ ചൈനീസ് ബലൂണ്‍ പറക്കുന്നതായി കഴിഞ്ഞദിവസം അമേരിക്ക ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..