13 July Monday

വിദ്വേഷ സുനാമി അവസാനിപ്പിക്കണം, എല്ലാവരും യോജിച്ച്‌ പ്രവർത്തിക്കണം : യുഎൻ

വെബ് ഡെസ്‌ക്‌Updated: Saturday May 9, 2020

കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ‘വിദ്വേഷ സുനാമി’ക്കും പരദേശീവിരോധത്തിനുമെതിരെ ഐക്യരാഷ്‌ട്ര സംഘടനയുടെ മുന്നറിയിപ്പ്‌. വിദ്വേഷ പ്രസംഗങ്ങളും വെറുപ്പും അവസാനിപ്പിക്കാൻ എല്ലാവരും യോജിച്ച്‌ പ്രവർത്തിക്കണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ലോകമെങ്ങുമുള്ള നേതാക്കളോട്‌ അഭ്യർഥിച്ചു.

കോവിഡ്‌ പരക്കുമ്പോൾ ഓൺലൈനിലും തെരുവുകളിലും വിദേശികളോട്‌ വിരോധം വർധിച്ചു. സെമിറ്റിക്‌ വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിച്ചു. മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങളുണ്ടായി. വൈറസിന്റെ ഉറവിടം എന്നാക്ഷേപിച്ച്‌ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും ചികിത്സ നിഷേധിക്കുകയാണെന്നും ഗുട്ടെറസ്‌ പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾക്കതിരെ താൻ കഴിഞ്ഞവർഷം ആരംഭിച്ച ‘യുഎൻ തന്ത്രവും കർമപദ്ധതിയും’ ഗുട്ടെറസ്‌ ഓർമിപ്പിച്ചു. ‘നമ്മൾ ആരെന്നോ എവിടെയാണ്‌ ജീവിക്കുന്നതെന്നോ നമ്മുടെ വിശ്വാസപ്രമാണങ്ങൾ എന്താണെന്നോ മറ്റെന്തെങ്കിലും വേർതിരിവുകളോ കോവിഡ്‌ കാര്യമാക്കുന്നില്ല’–-അദ്ദേഹം പറഞ്ഞു. രോഗം ഏറ്റവും ബാധിക്കുന്ന പ്രായമായവർക്കെതിരെ തമാശ മട്ടിലുള്ള പ്രചാരണങ്ങളോടും അദ്ദേഹം വിയോജിച്ചു. തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കുഴപ്പങ്ങൾ ലോകത്തോട്‌ വിളിച്ചുപറയുന്നവരും മറ്റും ആക്രമിക്കപ്പെടുകയാണ്‌. വിദ്വേഷ വൈറസിനെതിരെ സമൂഹത്തിന്റെ പ്രതിരോധശേഷി വളർത്താൻ എല്ലാ രാജ്യങ്ങളും ഉണർന്ന്‌ പ്രവർത്തിക്കണമെന്ന്‌ ഗുട്ടെറസ്‌ അഭ്യർഥിച്ചു.

കോവിഡ്‌: യുഎന്നിന്‌ അരലക്ഷം കോടി വേണം
കോവിഡിനെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുന്നതിന്‌ 670 കോടി ഡോളർ(50665 കോടി രൂപ) സമാഹരിക്കാൻ ഐക്യരാഷ്‌ട്ര സംഘടനയും പങ്കാളിത്ത ഏജൻസികളും ആഗോള അഭ്യർഥന പുറപ്പെടുവിച്ചു. യുഎൻ എമർജൻസി റിലീഫ്‌ കോ–-ഓർഡിനേറ്റർ മാർക്‌ ലോക്കോക്കാണ്‌ അഭ്യർഥന പുറത്തിറക്കിയത്‌. മാർച്ചിൽ യുഎൻ സെക്രട്ടറി ജനറൽ നടത്തിയ അഭ്യർഥനയിൽ മൂന്നിരട്ടിയിലധികം വർധന വരുത്തിയാണ്‌ പുതിയ ആഹ്വാനം.

രോഗം വ്യാപിക്കുന്നതനുസരിച്ച്‌ ആവശ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ്‌ പദ്ധതി പുതുക്കിയത്‌. ആദ്യ പദ്ധതിയിൽ പറഞ്ഞ 54 രാജ്യങ്ങൾക്കൊപ്പം ഒമ്പത്‌ രാജ്യങ്ങളെക്കൂടി സഹായം ആവശ്യമായവയുടെ പട്ടികയിൽ ചേർത്തിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top