01 June Monday

യുഎന്‍ സമാധാന ശ്രമങ്ങള്‍ക്കിടെ ഹെദയ്ദയില്‍ കനത്ത പോരാട്ടം

അനസ് യാസിന്‍Updated: Tuesday Mar 26, 2019

മനാമ> സേനാ പിന്‍മാറ്റത്തിനുള്ള യുഎന്‍ ഇടപെടല്‍ നടക്കുന്നതിനിടെ യെമനിലെ ചെങ്കടല്‍ തുറമുഖ പട്ടണമായ ഹൊദയ്ദയില്‍ സഖ്യ സേനയും ഹുതി മിലിഷ്യകളും തമ്മില്‍ കനത്ത ഏറ്റു മുട്ടല്‍. സംഘര്‍ഷം പട്ടണത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഡിസംബര്‍ 18നു വെടി നിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തുനിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിരം യുദ്ധമേഖലയായ ജൂലായ് 7 ജില്ലയിലും യുഎഇ സൈന്യം ക്യാമ്പ് ചെയ്യുന്ന തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലുമാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള സഖ്യ സേനക്കുനേരെ ഇറആ പിന്‍തുണയുള്ള ഹുതികള്‍ മിന്നാലാക്രമണം നടത്തിയതാണ് ഏറ്റുമുട്ടലിന് കാരണം. ഹുതി മിന്നലാക്രമണം സഖ്യ സേന ശക്തമായി പ്രതിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ സൈന്യം പ്രകോപനമില്ലാതെ തങ്ങളുടെ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഹുതികളുടെ അല്‍ മസിറ ടിവി കുറ്റപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ യുഎന്‍ മേല്‍നോട്ടത്തില്‍ ഹുതികളും യെമന്‍ സര്‍ക്കാരും തമ്മില്‍ നടന്ന സമാധാന ചര്‍ച്ച ഹൊദയ്ദയുടെ നിയന്ത്രണത്തെ ചൊല്ലി നിലച്ചിരുന്നു. ഡിസംബര്‍ 18ന് വെടി നിര്‍ത്തലില്‍ പ്രാബല്യത്തില്‍വന്നതിനെതുടര്‍ന്ന് യുഎന്‍ സംഘം ഹൊദെയ്ദ സന്ദര്‍ശിച്ചു.

ഇവര്‍ നടത്തിയ ശ്രഫമഫലമായി ചെങ്കടല്‍ തുറമുഖങ്ങളായ സലീഹ്, റാസ് ഈസ എന്നീ തുറമുഖങ്ങളില്‍നിന്നും കഴിഞ്ഞ ഫെബ്രുവരി 24ന് ഹുതികള്‍ പിന്‍വാങ്ങാന്‍ ധാരണയിലെത്തി. ഹൊദെയ്ദ തുറമുഖത്തുനിന്നും ഹുതികളുടെയും പട്ടണത്തിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശമായ കിലോ 5 ല്‍ നിന്നും സഖ്യ സേനയുടെയും ഒരു കിലോമീറ്റര്‍ പിന്‍മാറ്റം രണ്ടാം ഘട്ടത്തില്‍ നടത്താനും ധാരണയിലെത്തി. ഹൊദെയ്ദയില്‍ നിന്നുള്ള മുറപ്രകാരമുള്ള സേനാ പിന്‍മാറ്റം നാലു വര്‍ഷമായി തുടരുന്ന യെമന്‍ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണാനുതകുമെന്നാണ് യുഎന്‍ കണക്കുകൂട്ടല്‍. ഇത് നടക്കുന്നതിനിടെയാണ് പുതിയ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ചെങ്കടലിലെ യെമന്റെ ഏറ്റവും വലിയ തുറമുഖമാണ് ഹൊദെയ്ദ. ഈ തുറമുഖം ഇറാന്‍ പിന്‍തുണയുള്ള ഹുതികളുടെ നിയന്ത്രണത്തിലാണ്. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലാണ് സൗദി നേതൃത്തിലുള്ള സഖ്യ സേന കേന്ദ്രീകരിച്ചിട്ടുള്ളത്. 2014ല്‍ പ്രസിഡന്റ് അബ്ദു റബ്ബോ മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിനെ പുറത്താക്കിയതിനെതുടര്‍ന്നാണ് യെമനില്‍ സംഘര്‍ഷം ആരംഭിച്ചത്. 2015ല്‍ സൗദി നേതൃത്വത്തിലുള്ള സഖ്യ സേന ഹാദി സര്‍ക്കാരിന് പിന്‍തുണയുമായെത്തുകയായിരുന്നു. യുദ്ധം പതിനായിരകണക്കിന് പേരുടെ മരണത്തിനും കൊടും പട്ടിണിയിലേക്കും രാജ്യത്തെ നയിച്ചിരിക്കയാണ്. 20 ലക്ഷത്തിലധികം പേരുടെ പലായനത്തിനും ഇടയാക്കി.

ഒരു ലക്ഷത്തിലധികം കോളറ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തതായി തിങ്കളാഴ്ച ലോക ആരോഗ്യ സംഘടന അറിയിച്ചു. സമാധാന ശ്രമങ്ങളുടെ ഭാഗമായി കുട്ടികളെ യുദ്ധത്തില്‍നിന്നും സരക്ഷിക്കുന്നതിനുള്ള കരാര്‍ യുഎന്നുമായി യെമന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു.

 


പ്രധാന വാർത്തകൾ
 Top